ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വേലയിൽ ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കാനുള്ള സമാധാനപരമായ പോരാട്ടം നയിച്ചതിനുമുള്ള അംഗീകാരമായാണ് ഈ പുരസ്കാരം. എന്നാൽ അമേരിക്കയുടെ പിന്തുണയോടെ വെനസ്വേലയിലെ ജനാധിപത്യ സർക്കാരിനെതിരെ പ്രക്ഷോഭങ്ങൾ നയിക്കുന്നതിനു പിന്നാലെയാണ് മരിയക്ക് സമാധാനത്തിനുള്ള നൊബേൽ നൽകിയതെന്ന് വിമർശനങ്ങളും ഉയരുന്നു. എന്തായാലും സമാധാന നൊബേലിന് തന്റെയത്ര അര്‍ഹത മറ്റാര്‍ക്കുമില്ലെന്ന് വാദിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പുരസ്കാര പ്രഖ്യാപനം ഏറെ നിരാശയാണ് സമ്മാനിച്ചത്.
വെനസ്വേലൻ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറീന മചാഡോ 2002ലാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് വെൻ്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി. 2012 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014 ൽ മഡുറോ സർക്കാരിനെതിരായ പ്രക്ഷോഭങ്ങളിൽ മചാഡോ മുൻനിരപ്പോരാളിയായിരുന്നു.
ലാറ്റിനമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായാണ് മരിയ കൊറീന മചാഡോയെ വിശേഷിപ്പിക്കുന്നത്. മച്ചാഡോയുടെ നേതൃത്വം വെനസ്വേലയിലെ ഭിന്നിച്ചുനിന്ന പ്രതിപക്ഷത്തെ ഒരു ഏകീകൃത ശക്തിയായി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു. 2018ൽ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ 100 ശക്തയായ വനിതകളിൽ ഒരാളാണ് മരിയ കൊറീന. എന്നാൽ വെനിസ്വേലയുടെ എംബസ്സി ട്രംപ് ചെയ്തത് പോലെ ജറുസലേമിലേക്ക് മാറ്റണമെന്നും, ഇസ്രയേലിന് പിന്തുണ കൊടുക്കുമെന്നും പറഞ്ഞ വലത്പക്ഷ പ്രോജക്റ്റ് നേതാവാണ് കൂടിയാണ് മരിയ കൊറീന.