കയ്‌റോ – അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെയും രണ്ടു യുവാക്കളെയും കൊലപ്പെടുത്തി പ്രവാസി യുവാവ് പകതീര്‍ത്തു. ദക്ഷിണ ഈജിപ്തിലെ സൊഹാഗ് ഗവര്‍ണറേറ്റിലെ മസാകിന്‍ അല്‍ശോശ് ഏരിയയിലാണ് സംഭവം. വിദേശത്തു നിന്ന് തിരിച്ചെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് യുവാവ് കൂട്ടക്കൊലപാതകം നടത്തിയത്.
യുവതിയുടെയും രണ്ട് യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് സാധിച്ചു. ലിബിയയില്‍ ജോലി ചെയ്തിരുന്ന പ്രതി കുറ്റകൃത്യം നടത്തുന്നതിന് തലേദിവസമാണ് സ്വദേശത്ത് തിരിച്ചെത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
രണ്ട് വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞതെന്നും അടുത്തിടെ ഭാര്യയുടെ ഫോട്ടോകള്‍ അടങ്ങിയ സന്ദേശം അജ്ഞാത നമ്പറില്‍ നിന്ന് തനിക്ക് ലഭിച്ചതായും സന്ദേശം അയച്ചയാള്‍ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് അറിയിച്ചതായും പ്രതി പറഞ്ഞു.
നാട്ടിലെത്തിയ ശേഷം ചോദ്യം ചെയ്തപ്പോള്‍ രണ്ട് പേരുമായി ബന്ധമുണ്ടെന്ന് ഭാര്യ സമ്മതിച്ചതായി പ്രതി അവകാശപ്പെട്ടു. തുടര്‍ന്ന് യുവാക്കളെ വീടിനടുത്തുള്ള വര്‍ക്ക് ഷോപ്പിലേക്ക് അനുനയത്തില്‍ കൂട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങി ഭാര്യയെയും കൊലപ്പെടുത്തി. പ്രതികാരമായി യുവാക്കളില്‍ ഒരാളുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായും പ്രതി വെളിപ്പെടുത്തി. പ്രതിക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ച സുരക്ഷാ വകുപ്പുകള്‍, സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.







