തെല്‍അവീവ് – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നെസെറ്റില്‍ (ഇസ്രായില്‍ പാര്‍ലമെന്റ്) നടത്തിയ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് രണ്ടു ഇടതുപക്ഷ എം.പിമാരെ പുറത്താക്കി. പാര്‍ലമെന്റ് അംഗങ്ങളായ അയ്മന്‍ ഔദയുടെയും ഓഫര്‍ കാസിഫിന്റെയും അഭൂതപൂര്‍വമായ നടപടി ഇസ്രായേലി നെസെറ്റില്‍ വിവാദത്തിനും പ്രക്ഷുബ്ധതക്കും ഇടയാക്കി.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുക എന്നെഴുതിയ ബാനറുകളുമായി രണ്ട് അംഗങ്ങളും പാര്‍ലമെന്റ് ഹാളിലേക്ക് പ്രവേശിച്ച് ഫലസ്തീന്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടാനും യു.എസ് പ്രസിഡന്റിന്റെ പ്രസംഗം തടസ്സപ്പെടുത്താനും ശ്രമിക്കുകയായിരുന്നുവെന്ന് ഹീബ്രു പത്രമായ യെദിയോത്ത് അഹ്റോണോത്ത് റിപ്പോര്‍ട്ട് ചെയ്തു.
സ്പീക്കര്‍ ഉടന്‍ തന്നെ രണ്ട് അംഗങ്ങളെയും ഹാളില്‍ നിന്ന് പുറത്താക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ സമയത്ത് യാതൊന്നും പ്രതികരിക്കാതെ ട്രംപ് നിശ്ശബ്ദത പാലിച്ച് സംഭവങ്ങള്‍ വീക്ഷിച്ചു. ഇരു അംഗങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുതള്ളി പാര്‍ലമെന്റ് ഹാളില്‍ നിന്ന് പുറത്താക്കി. ഫലസ്തീന്‍-ഇസ്രായില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട നയങ്ങളെ ചൊല്ലി നെസെറ്റിനുള്ളിലെ ശക്തമായ രാഷ്ട്രീയ ഭിന്നതകളെ പ്രതിഫലിപ്പിക്കുന്നതായി ഇത്. സെഷനില്‍ ക്രമസമാധാനം നിലനിര്‍ത്താനും വ്യാപകമായ മാധ്യമ കവറേജും അന്താരാഷ്ട്ര ശ്രദ്ധയും ലഭിക്കുന്ന യു.എസ് പ്രസിഡന്റിന്റെ പ്രസംഗത്തിന് തടസ്സമുണ്ടാകുന്നത് തടയാനുമാണ് നടപടി സ്വീകരിച്ചതെന്ന് പാര്‍ലമെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.