ബെയ്‌റൂത്ത്- ലെബനോണിൽ പേജറുകളും വോക്കി ടോക്കികളും പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം ഇരുപതായി ഉയർന്നു. ബെയ്‌റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങളിലും ബെക്കാ താഴ്‌വരയിലും ബുധനാഴ്ച 20 പേർ കൊല്ലപ്പെടുകയും 450 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനോൺ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡസന്‍ കണക്കിന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വാഹനങ്ങളിലും പടര്‍ന്നുപിടിച്ച തീ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അണച്ചു. ഇന്നലെ ഉച്ചക്കാണ് ഹിസ്ബുല്ല പ്രവര്‍ത്തകരും അംഗങ്ങളും ഉപയോഗിക്കുന്ന വയര്‍ലെസ് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചത്. ഐകോം ഇനത്തില്‍ പെട്ട വയര്‍ലെസ് ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചത്.
മേഖലയില്‍ ആസന്നമായ വന്‍തോതിലുള്ള സംഘര്‍ഷത്തിന്റെ സൂചനയായിരിക്കാം സ്‌ഫോടനങ്ങള്‍ എന്ന് താന്‍ വിശ്വസിക്കുന്നതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഒരു വലിയ സൈനിക നടപടിക്ക് മുമ്പുള്ള ഒരു മുന്‍കൂര്‍ ആക്രമണം എന്നതാണ് ഈ ഉപകരണങ്ങളെല്ലാം പൊട്ടിത്തെറിച്ചതിന് പിന്നിലെ യുക്തിയെന്ന് ഗുട്ടെറസ് പറഞ്ഞു.
ലെബനോനിലുണ്ടായ പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങള്‍ ഇന്ന് വൈകീട്ട് ന്യൂയോര്‍ക്ക് സമയം ഏഴു മണിക്ക് അടിയന്തിര യോഗം ചേര്‍ന്ന് യു.എന്‍ രക്ഷാ സമിതി വിശകലനം ചെയ്യും. ഇന്ന് വൈകീട്ട് ലെബനോനിലെ പ്രാദേശിക സമയം അഞ്ചിന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയും സംഭവവികാസങ്ങളില്‍ പ്രസ്താവന നടത്തും. ഹിസ്ബുല്ല തിരിച്ചടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രായില്‍ ജാഗ്രത ഉയര്‍ത്തിയിട്ടുണ്ട്. ലെബനോന്‍ അതിര്‍ത്തിയില്‍ നിരവധി ടാങ്കുകളും യുദ്ധോപകരണങ്ങളും വിന്യസിക്കുകയും സൈനിക സാന്നിധ്യം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
വയര്‍ലെസ് ഉപകരണങ്ങളില്‍ രഹസ്യമായി സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നതായി അന്വേഷണങ്ങളില്‍ വ്യക്തമായതായി ലെബനീസ് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
പൊട്ടിത്തെറിക്കുന്നതിനു മുമ്പായി വയര്‍ലെസ് ഉപകരണങ്ങളില്‍ ശബ്ദം മുഴങ്ങിയിരുന്നു. ഇതോടെ സന്ദേശം വരികയാണെന്ന് ധരിച്ച് ഉപകരണങ്ങള്‍ മുഖത്തോടടുപ്പിച്ചതാണ് കൈകള്‍ മുറിയാനും കാഴ്ചശക്തി നഷ്ടപ്പെടാനും ഇടയാക്കിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
ഹിസ്ബുല്ല പ്രവര്‍ത്തകരും പോരാളികളും ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകള്‍ ചൊവ്വാഴ്ച ഒരേസമയം പൊട്ടിത്തെറിച്ചതിന് സമാനമായ നിലക്കാണ് ഇന്നലെ വയര്‍ലെസ് ഉപകരണങ്ങളും പൊട്ടിത്തെറിച്ചത്. ഹിസ്ബുല്ലയുടെ കൈകളില്‍ എത്തുന്നതിനു മുമ്പായി പേജറുകളില്‍ ലിഥിയം ബാറ്ററികള്‍ക്കു സമീപം രഹസ്യമായി സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതായി വ്യക്തമായിട്ടുണ്ട്. പേജറുകള്‍ ഹാക്ക് ചെയ്ത് അവയിലെ തരംഗം കൂട്ടി ബാറ്ററികളിലെ താപനില ഗണ്യമായി ഉയര്‍ത്തിയാണ് ഇസ്രായില്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്. തായ്‌വാനിലെ കമ്പനിയില്‍ നിന്ന് അടുത്തിടെയാണ് 3,000 പുതിയ മോഡല്‍ പേജറുകള്‍ ഹിസ്ബുല്ല വാങ്ങിയത്. പേജറുകളില്‍ ഉപയോഗിച്ച അതേ രീതി തന്നെയാണ് വയര്‍ലെസ് ഉപകരണങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താനും ഇസ്രായില്‍ പ്രയോഗിച്ചതെന്നാണ് കരുതുന്നത്.
ഹിസ്ബുല്ല പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ഐകോം വി82 ഇനത്തില്‍ പെട്ട വയര്‍ലെസ് ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം പറഞ്ഞു. അംഗീകൃത ഏജന്‍സി വഴിയല്ല ഹിസ്ബുല്ല ഇവ വാങ്ങിയത്. ഇവക്ക് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം ലൈസന്‍സ് നല്‍കിയിരുന്നില്ല. സുരക്ഷാ വകുപ്പുകളുടെ അനുമതി ലഭിച്ച ശേഷമാണ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം ഇത്തരം ഉപകരണങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതെന്നും മന്ത്രാലയം പറഞ്ഞു. ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 2,800 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ 400 ഓളം പേരുടെ പരിക്ക് ഗുരുതരമാണ്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രായിലി ചാരസംഘടനയായ മൊസാദ് ആണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും അമേരിക്കന്‍ അധികൃതരും സ്ഥിരീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രായില്‍ പ്രതികരിച്ചിട്ടില്ല.
പേജര്‍, വയര്‍ലെസ് ഉപകരണങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തി രണ്ടു ഡസനിലേറെ പേരെ കൊലപ്പെടുത്തുകയും മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍പിക്കുകയും ചെയ്തതില്‍ ഇസ്രായിലിനെതിരെ തിരിച്ചടിക്കുന്നതിനെതിരെ ഹിസ്ബുല്ലക്ക് അമേരിക്ക ശക്തമായ മുന്നറിയിപ്പ് നല്‍കി. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ തെഹ്‌റാനില്‍ വെച്ച് ഇസ്രായില്‍ കൊലപ്പെടുത്തിയ ശേഷം ഇസ്രായിലിന് തിരിച്ചടി നല്‍കുന്നതിനെതിരെ ഇറാനും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ തിരിച്ചടി തടയാന്‍ മേഖലയിലേക്ക് നിരവധി പടക്കപ്പലുകളും വിമാന വാഹിനികളും അമേരിക്ക അയക്കുകയും ചെയ്തിരുന്നു. ശക്തമായി തിരിച്ചടിക്കുമെന്നും പ്രതികാരം ചെയ്യുമെന്നും ഇറാന്‍ നേതാക്കള്‍ പലതവണ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ ഇറാന്റെ ഭാഗത്തു നിന്ന് യാതൊരുവിധ തിരിച്ചടിയുമുണ്ടായിട്ടില്ല.