ജിദ്ദ – ഹിസ്ബുല്ലക്കെതിരെ അതിശക്തമായ വ്യോമ, കരയാക്രമണം ഇസ്രായില്‍ തുടരുന്ന പശ്ചാത്തലത്തില്‍ ലെബനോന്‍ മറ്റൊരു ഗാസയായി മാറുമെന്ന് ഭയക്കുന്നതായി ലെബനീസ് ഇന്‍ഫര്‍മേഷന്‍ മന്ത്രി സിയാദ് മകാരി പറഞ്ഞു. ഫ്രാന്‍സില്‍ നടക്കുന്ന പത്തൊമ്പതാമത് ഫ്രാങ്കോഫോണി ഉച്ചകോടിയോടനുബന്ധിച്ച് എ.എഫ്.പിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിയാദ് മകാരി. ലെബനോനില്‍ ദിവസവും ബോംബാക്രമണം നടക്കുന്നു. സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കുന്നതില്‍ നയതന്ത്ര ശ്രമങ്ങളില്‍ വലിയ പ്രതീക്ഷയില്ലെന്ന് ഞങ്ങള്‍ എപ്പോഴും വിശ്വസിക്കുന്നു. ബെയ്‌റൂത്തിലും ബെക്കാ, മൗണ്ട് ലെബനോന്‍, ദക്ഷിണ ലെബനോന്‍ എന്നിവിടങ്ങളിലും 24 മണിക്കൂറും ബോംബാക്രമണം നടക്കുന്നു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഫ്രാന്‍സിനെ ലെബനോന്‍ വലിയ തോതില്‍ ആശ്രയിക്കുന്നു. യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ തയാറാക്കിയ ഫ്രഞ്ച്, അമേരിക്കന്‍ പദ്ധതിയെയും ഞങ്ങള്‍ ആശ്രയിക്കുന്നു. ഈ ഇനീഷ്യേറ്റീവിനെ യുറോപ്യന്‍ യൂനിയനും ബ്രിട്ടനും അടക്കം നിരവധി രാജ്യങ്ങള്‍ പിന്തുണക്കുന്നതായും സിയാദ് മകാരി പറഞ്ഞു.
21 ദിവസത്തെ വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള അമേരിക്കന്‍, ഫ്രഞ്ച് നിര്‍ദേശം ഇസ്രായിലും ഹിസ്ബുല്ലയും അംഗീകരിച്ചിരുന്നതായി ലെബനീസ് വിദേശ മന്ത്രി അബ്ദുല്ല ബൂഹബീബ് കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് അതിശക്തമായ ബോംബാക്രമണം നടത്തി ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയെ വധിച്ച് സ്ഥിതിഗതികള്‍ ഇസ്രായില്‍ വഷളാക്കുകയായിരുന്നെന്നും വിദേശ മന്ത്രി പറഞ്ഞു.
ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ക്രിമിനല്‍ നിലപാടിനെ സിയാദ് മകാരി അപലപിച്ചു. വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ പ്രസിഡന്റ് ഇസ്മായില്‍ ഹനിയ്യയെ നെതന്യാഹു വധിച്ചു. വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയെയും നെതന്യാഹു വധിച്ചു. ഹനിയ്യയെയും നസ്‌റല്ലയെയും വധിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന കാര്യം നെതന്യാഹുവിന് അറിയുന്നതാണ്. ഇത്തരം ചെയ്തികള്‍ അംഗീകരിക്കാന്‍ കഴിയില്ല.
ഇസ്രായിലിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ലെബനോനെയും മേഖലയെയും ഒരിക്കലും അവസാനിക്കാത്ത യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഒരു ലെബനോനി എന്ന നിലയില്‍…ഒരാഴ്ചക്കുള്ളില്‍ രണ്ടായിരം പേര്‍ കൊല്ലപ്പെടുകയും പതിനായിരം പേര്‍ക്ക് പരിക്കേല്‍ക്കുകയും 12 ലക്ഷം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്ത സംഭവവുമായി എങ്ങിനെ സഹവസിച്ചുപോകാന്‍ കഴിയും. ഇത് ഭയാനകമാണ്. അമേരിക്കയുടെ നിലപാട് അസ്വീകാര്യമാണ്. വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ക്കിടെയും അമേരിക്ക തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രായിലിന് സൈനിക പിന്തുണ നല്‍കുന്നത് തുടരുകയാണെന്നും സിയാദ് മകാരി പറഞ്ഞു.