തെഹ്‌റാന്‍ – ഇറാന്റെ പുതിയ സുപ്രീം നേതാവായ മുജ്തബ ഖാംനഇയുടെ മുഖത്തിന് ഗുരുതര പരിക്കേറ്റ് വികൃതമായതായും കാലുകളില്‍ ഒന്ന് മുറിച്ചുമാറ്റപ്പെട്ടതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിന്റെ തുടക്കത്തില്‍ പിതാവ് അലി ഖാംനഇയുടെ മരണത്തിന് കാരണമായ വ്യോമാക്രമണത്തില്‍ മുഖത്തിനും കാലിനും നേരിട്ട ഗുരുതരമായ പരിക്കുകളില്‍ നിന്ന് മുജ്തബ ഖാംനഇ സുഖം പ്രാപിച്ചുവരികയാണ്. സെന്‍ട്രല്‍ തെഹ്റാനിലെ കനത്ത സുരക്ഷയുള്ള പാസ്ചര്‍ കോമ്പൗണ്ടില്‍ നടന്ന ആക്രമണത്തില്‍ മുജ്തബയുടെ മുഖം വികൃതമായതായും അദ്ദേഹത്തിന്റെ ഒന്നോ രണ്ടോ കാലുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റതായും മൂന്ന് സ്രോതസ്സുകള്‍ വ്യക്തമാക്കി. 56 കാരന്‍ പരിക്കുകളില്‍ നിന്ന് സുഖം പ്രാപിച്ചുവരികയാണെന്നും എന്നാല്‍ മാനസികമായി ഇപ്പോഴും ശക്തനാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വീഡിയോ കോണ്‍ഫറന്‍സ് വഴി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മുജ്തബ ഖാംനഇ കൂടിക്കാഴ്ചകളില്‍ പങ്കെടുക്കുന്നുണ്ടെന്നും യുദ്ധം, അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അദ്ദേഹം പങ്കാളിത്തം വഹിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ഖാംനഇയുടെ സ്ഥാനം, ആരോഗ്യം, ഭരിക്കാനുള്ള കഴിവ് എന്നിവയെക്കുറിച്ച് നിരവധി ദുരൂഹതകള്‍ നിലനില്‍ക്കുന്നു. ഫെബ്രുവരി 28 നുണ്ടായ ആക്രമണത്തിന് ശേഷം, മാര്‍ച്ച് എട്ടിന് പിതാവിന്റെ പിന്‍ഗാമിയായി നിയമിതനായതിനെ തുടര്‍ന്ന് മുജ്തബ ഖാംനഇയുടെ ഫോട്ടോകളോ വീഡിയോകളോ ഓഡിയോ റെക്കോര്‍ഡിംഗുകളോ പുറത്തുവന്നിട്ടില്ല.യു.എസ്-ഇസ്രായില്‍ യുദ്ധത്തിന്റെ ആദ്യ ദിവസമായ ഫെബ്രുവരി 28 ന്, 1989 മുതല്‍ ഭരണം നടത്തിയിരുന്ന പിതാവ് അലി ഖാംനഇ കൊല്ലപ്പെട്ട ആക്രമണത്തില്‍ മുജ്തബ ഖാംനഇക്ക് പരിക്കേറ്റു. മുജ്തബ ഖാംനഇയുടെ ഭാര്യ, സഹോദരീഭര്‍ത്താവ്, സഹോദരി എന്നിവരും മറ്റു കുടുംബാംഗങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഖാംനഇയുടെ പരിക്കുകളുടെ സ്വഭാവത്തെ കുറിച്ച് ഇറാന്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. എന്നാല്‍, സുപ്രീം നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സ്റ്റേറ്റ് ടെലിവിഷനിലെ മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തെ ജന്‍ബാസ് എന്ന് വിശേഷിപ്പിച്ചു. യുദ്ധത്തിനിടയിലോ രാജ്യത്തിനെതിരായ ആക്രമണങ്ങളിലോ ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചവരെ വിവരിക്കാന്‍ ഇറാനില്‍ ഉപയോഗിക്കുന്ന പദമാണിത്.
ഖാംനഇയുടെ പരിക്കുകളെ കുറിച്ച് പുറത്തുവന്ന പുതിയ വിവരങ്ങള്‍ മാര്‍ച്ച് 13 ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നടത്തിയ പ്രസ്താവനയുമായി പൊരുത്തപ്പെടുന്നു. ഖാംനഇക്ക് പരിക്കേറ്റതായും അദ്ദേഹത്തിന്റെ മുഖം വികൃതമായിരിക്കാനാണ് സാധ്യതയെന്നും ഹെഗ്സെത്ത് പറഞ്ഞു. ഖാംനഇയുടെ ഒരു കാല് നഷ്ടപ്പെട്ടതായി കരുതുന്നുവെന്ന് യു.എസ് ഇന്റലിജന്‍സ് വിലയിരുത്തലുകളുമായി പരിചയമുള്ള വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് വ്യക്തമാക്കി.
ഇറാന്റെ രാഷ്ട്രീയ വ്യവസ്ഥയില്‍, പരമോന്നത നേതാവിന് വിപുലമായ അധികാരമുണ്ട്. 88 അംഗ പുരോഹിതരുടെ കൗണ്‍സിലാണ് പരമോന്നത നേതാവിനെ നിയമിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന് സുപ്രീം നേതാവ് മേല്‍നോട്ടം വഹിക്കുന്നു. കാര്യമായ രാഷ്ട്രീയ, സൈനിക സ്വാധീനമുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ഉള്‍പ്പെടെയുള്ള സമാന്തര സ്ഥാപനങ്ങളെ നേരിട്ട് നിയന്ത്രിക്കുന്നു. ഇറാനില്‍, മുജ്തബ ഖാംനഇയുടെ അസാന്നിധ്യം സോഷ്യല്‍ മീഡിയയിലും മെസേജിംഗ് ആപ്പ് ഗ്രൂപ്പുകളിലും വ്യാപകമായ ചര്‍ച്ചക്ക് കാരണമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചും രാജ്യം യഥാര്‍ഥത്തില്‍ ആരാണ് ഭരിക്കുന്നത് എന്നതിനെ കുറിച്ചും ചോദ്യങ്ങളും സിദ്ധാന്തങ്ങളും നിറഞ്ഞിരിക്കുന്നു.



