ടോക്യോ – ജപ്പാന്‍ തല്‍ക്കാലം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ജപ്പാനിലെ അസാഹി പത്രം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുമായുള്ള ബന്ധം നിലനിര്‍ത്താനും ഇസ്രായില്‍ കടുത്ത നിലപാട് സ്വീകരിക്കുന്നത് തടയാനുമായിരിക്കാം ജപ്പാന്‍ ഈ തീരുമാനം എടുത്തതെന്നാണ് വിദഗ്തരുടെ വിലയിരുത്തൽ. ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഈ മാസം നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഇസ്രായിലിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദം വര്‍ധിപ്പിക്കുന്നു.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കരുതെന്ന് വിവിധ നയതന്ത്ര മാര്‍ഗങ്ങളിലൂടെ അമേരിക്ക ജപ്പാനോട് ആവശ്യപ്പെട്ടതായി ക്യോഡോ ന്യൂസ് ഏജന്‍സി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോട്ട് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ജപ്പാന്‍ വിദേശ മന്ത്രിയോട് ശക്തമായി ആവശ്യപ്പെട്ടു.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന വിഷയത്തില്‍ ജപ്പാന്‍ ഉചിതമായ സമയക്രമവും സംവിധാനങ്ങളും ഉള്‍പ്പെടെ സമഗ്രമായ വിലയിരുത്തല്‍ നടത്തുകയാണെന്ന് ജപ്പാന്‍ വിദേശ മന്ത്രി തകേഷി ഇവായ ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി ഈ നിലപാട് ഇന്ന് ആവര്‍ത്തിച്ചു. ഗാസ സിറ്റിയില്‍ ഇസ്രായില്‍ നടത്തുന്ന കരയാക്രമണത്തില്‍ ഹയാഷി തന്റെ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിത്തറ തകര്‍ന്നേക്കാമെന്നും യോഷിമാസ ഹയാഷി പറഞ്ഞു. പട്ടിണി ഉള്‍പ്പെടെയുള്ള ഗുരുതരമായ മാനുഷിക പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കാന്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ഇസ്രായിലിനോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച നടന്ന ഐക്യരാഷ്ട്രസഭാ യോഗത്തില്‍, ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള സമ്പൂർണവും, സമയബന്ധിതവും, മാറ്റാനാവാത്തതുമായ നടപടികള്‍ വിശദീകരിക്കുന്ന പ്രഖ്യാപനത്തെ അനുകൂലിച്ച് വോട്ട് ചെയ്ത 142 രാജ്യങ്ങളില്‍ ജപ്പാനും ഉള്‍പ്പെടുന്നുണ്ട്.
ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് ഇസ്രായിലും ഫലസ്തീനും തമ്മിലുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സെപ്റ്റംബര്‍ 22 ന് നടക്കാനിരിക്കുന്ന യോഗത്തില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ പങ്കെടുക്കില്ലെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ജി-7 കൂട്ടായ്മയില്‍ പെട്ട ജര്‍മനിയും ഇറ്റലിയും ഫലസ്തീന്‍ രാഷ്ട്രത്തെ ഉടനടി അംഗീകരിക്കുന്നത് പ്രയോജനപ്രദമല്ല എന്ന നിലപാടാണ് സ്വീകരിക്കുന്നത്.