തെല്‍അവീവ് – ലെബനോന്‍ അതിര്‍ത്തിക്കടുത്തുള്ള ആക്രമണത്തിനിടെ ബോംബിന്റെ കഷ്ണങ്ങള്‍ തുളച്ചുകയറി തന്റെ മകന് കരളില്‍ പരിക്കേറ്റതായി തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ ഇസ്രായില്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് അറിയിച്ചു. ലെബനോന്‍ അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനുകള്‍ക്കിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്രായില്‍ ധനമന്ത്രിയുടെ മകന് പരിക്കേറ്റത്. ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് സ്‌മോട്രിച്ച് ഭീഷണിപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് മകന് പരിക്കേറ്റത്.
ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല മിലിഷ്യയുടെ ശക്തികേന്ദ്രമായ ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ക്കും ഗാസയുടെ അതേ വിധി നേരിടേണ്ടിവരുമെന്ന് സ്‌മോട്രിച്ച് ഭീഷണി മുഴക്കി. വളരെ വേഗം, ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ ഖാന്‍ യൂനിസിനെപ്പോലെയാകുമെന്ന്, ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രായില്‍ നശിപ്പിച്ച് ശ്മശാന ഭൂമിയാക്കി തെക്കന്‍ ഗാസയിലെ വലിയ നഗരത്തെ പരാമര്‍ശിച്ചുകൊണ്ട് സ്‌മോട്രിച്ച് ടെലിഗ്രാം വഴി പറഞ്ഞു.



