ഗാസ – ഇന്ന് രാവിലെ ഗാസ സിറ്റിയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസ സിറ്റിയുടെ തെക്കുകിഴക്കായി സെയ്തൂന്‍ ഡിസ്ട്രിക്ടിലുള്ള ദൗല ജംഗ്ഷന് സമീപം ഇസ്രായില്‍ സൈന്യം നടത്തിയ പീരങ്കി ഷെല്ലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ഗാസ സിറ്റിയിലെ അല്‍മഅ്മദാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മെഡിക്കല്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ഫലസ്തീന്‍ ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി (വഫാ) റിപ്പോര്‍ട്ട് ചെയ്തു.
ഗാസ സിറ്റിയുടെ വടക്കുകിഴക്ക് തുഫാഹ് ഡിസ്ട്രിക്ടിലുള്ള സാന്‍ഫോര്‍ ജംഗ്ഷന് സമീപം ഇസ്രായില്‍ വ്യോമാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ പടിഞ്ഞാറന്‍ ഗാസ സിറ്റിയിലെ അല്‍ശിഫ ആശുപത്രിയില്‍ എത്തിച്ചു. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായിലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73,246 ആയി ഉയര്‍ന്നു. 1,73,727 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.



