റാമല്ല – വെസ്റ്റ് ബാങ്കിലെ വിവിധ പ്രദേശങ്ങളില്‍ ഫലസ്തീനികള്‍ക്കു നേരെ ഇസ്രായിലി സൈന്യത്തിന്റെയും ജൂതകുടിയേറ്റക്കാരുടെയും ആക്രമണങ്ങള്‍. റാമല്ല, ബെത്‌ലഹേം, നബ്ലസ്, ഖൽഖിലിയ, തുൽക്കറം, ജോർദാൻ താഴ്‌വര എന്നിവിടങ്ങളിൽ ഇസ്രായിൽ സൈന്യം അതിക്രമിച്ചു കയറി വ്യാപകമായ റെയ്ഡുകളും അറസ്റ്റുകളും നടത്തി. നബ്ലസിലെ അൽഐൻ അഭയാർത്ഥി ക്യാമ്പിലും അൽബാദാൻ ഗ്രാമത്തിലും തുൽക്കറമിലുമായി നിരവധി ഫലസ്തീനികളെ സൈന്യം തടങ്കലിലാക്കി. റാമല്ലയിലെ നബി സ്വാലിഹ് ഗ്രാമത്തിലേക്കുള്ള പ്രവേശനം ഇസ്രായിൽ സൈന്യം തടഞ്ഞത് ആയിരക്കണക്കിന് ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യത്തെ ബാധിച്ചിട്ടുണ്ട്. ഇസ്രായിലി കുടിയേറ്റക്കാരെ പ്രതിരോധിക്കുന്ന ഫലസ്തീൻ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ നാല് വിദേശ പ്രവർത്തകരെ അൽമുഗയ്യീറിൽ നിന്ന് സൈന്യം അറസ്റ്റ് ചെയ്തു.


ബെത്‌ലഹേമിന് കിഴക്കുള്ള കിസാൻ ഗ്രാമത്തിൽ മുപ്പതിലധികം ജൂതകുടിയേറ്റക്കാർ നടത്തിയ അക്രമത്തിൽ 16 വയസ്സുകാരന് വെടിയേറ്റു. ഇവർ സ്കൂളുകളും വീടുകളും ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തതായി ഗ്രാമ കൗൺസിൽ അറിയിച്ചു. സമാനമായ രീതിയിൽ നബ്ലസിനടുത്തുള്ള സാൽഫിറ്റിലും ഫർഖ ഗ്രാമത്തിലും അമ്പതോളം വരുന്ന കുടിയേറ്റക്കാർ വെടിയുതിർക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. അക്രമികളെ തടയുന്നതിന് പകരം പ്രതിഷേധിക്കുന്ന ഫലസ്തീനികളെ പിരിച്ചുവിടാനാണ് സൈന്യം ശ്രമിച്ചതെന്ന് പ്രാദേശിക പ്രതിനിധികൾ കുറ്റപ്പെടുത്തി.


2023 ഒക്ടോബർ ഏഴിന് ശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രായിൽ സൈന്യം 1,105 ഫലസ്തീനികളെ കൊലപ്പെടുത്തുകയും പതിനായിരത്തിലധികം പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇരുപതിനായിരത്തിലേറെ പേർ അറസ്റ്റിലായിട്ടുണ്ട്. ഗാസയിലെ യുദ്ധത്തോടൊപ്പം വെസ്റ്റ് ബാങ്കിൽ വംശീയ ഉന്മൂലനവും കുടിയിറക്കലുമാണ് നെതന്യാഹു സർക്കാർ നടത്തുന്നതെന്ന് പി.എൽ.ഒയ്ക്ക് കീഴിലുള്ള നാഷണൽ ബ്യൂറോ ഫോർ ഡിഫൻഡിംഗ് ദി ലാൻഡ് റിപ്പോർട്ട് ചെയ്യുന്നു. 2025 അവസാനത്തോടെ ഇവിടുത്തെ കുടിയേറ്റ കേന്ദ്രങ്ങളുടെ എണ്ണം 350 ആയി വർധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ഏക്കർ ഫലസ്തീൻ ഭൂമി പിടിച്ചെടുത്ത് സൈനിക മേഖലകളും വ്യാവസായിക ഇടങ്ങളുമാക്കി മാറ്റിയ അധിനിവേശ അധികാരികൾ, വിവിധ നിയമങ്ങൾ ഉപയോഗിച്ച് ഈ പ്രദേശങ്ങളെ ഇസ്രായിലിന്റെ ഭാഗമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.



