റാമല്ല– വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഒരു കൂട്ടം സൈനികരെ കാര്‍ ഇടിച്ചുകയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ച ഫലസ്തീനി യുവാവിനെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഐനാബുസ് പ്രദേശത്ത് ഓപ്പറേഷന്‍ നടത്തുകയായിരുന്ന ഇസ്രായില്‍ സൈനികര്‍ക്കു മേല്‍ കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമിച്ച ഭീകരനെ സൈനികര്‍ വെടിയുതിർത്ത് കൊലപ്പെടുത്തിയെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ യുവാവ് ഒരു ഇസ്രായിലി പുരുഷനെയും സ്ത്രീയെയും കാര്‍ ഇടിച്ചും കുത്തിയും കൊലപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച നടന്ന ഈ ആക്രമണത്തിന് ശേഷം, ആക്രമണകാരിയുടെ ജന്മനാടായ ഖബാതിയ ഗ്രാമത്തില്‍ സൈന്യം രണ്ട് ദിവസത്തെ ഓപ്പറേഷന്‍ നടത്തി, യുവാവിന്റെ പിതാവും സഹോദരന്മാരും ഉള്‍പ്പെടെ ഏതാനും പേരെ അറസ്റ്റ് ചെയ്തു.
2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഗാസ മുനമ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ അക്രമം വര്‍ധിച്ചു. അതിനുശേഷം, ഇസ്രായില്‍ സൈനികരും വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റക്കാരും നടത്തിയ ആക്രമണങ്ങളില്‍ പോരാളികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 1,028 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഗാസ യുദ്ധം ആരംഭിച്ച ശേഷം, ഫലസ്തീനികള്‍ നടത്തിയ ആക്രമണങ്ങളിലും ഇസ്രായില്‍ സൈനിക നടപടികളിലും രണ്ട് വിദേശികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 44 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.



