ബെയ്‌റൂത്ത് – ദക്ഷിണ ലെബനോനിലെ സിഡോണിലുള്ള ഐന്‍ അല്‍ഹില്‍വ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 13 പേര്‍ രക്തസാക്ഷികളാകുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. ഐന്‍ അല്‍ഹില്‍വ പ്രദേശത്തെ ഹമാസ് പരിശീലന കേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.
ഐന്‍ അല്‍ഹില്‍വ പ്രദേശത്തെ ഹമാസ് പരിശീലന കോമ്പൗണ്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളെ ഐ.ഡി.എഫ് ആക്രമിച്ചു. വടക്കന്‍ അതിര്‍ത്തിയില്‍ ഒരു ഭീഷണിയും ഞങ്ങള്‍ അനുവദിക്കില്ലെന്ന് പറയുമ്പോള്‍, പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ തീവ്രവാദ ഗ്രൂപ്പുകളെയും ഞങ്ങള്‍ ശക്തമായി എതിര്‍ക്കുമെന്ന് അര്‍ഥമാക്കുന്നു. സാന്നിധ്യം സ്ഥാപിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നത് തുടരും – ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.
ക്യാമ്പിനുള്ളിലെ ഖാലിദ് ബിന്‍ അല്‍വലീദ് പള്ളിക്ക് സമീപം കാര്‍ ലക്ഷ്യമാക്കി ഇസ്രായിലി ഡ്രോണ്‍ ആക്രമണം നടത്തിയതായി ലെബനീസ് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് തീപിടുത്തമുണ്ടായി. ആക്രമണത്തിന് ശേഷം ഡ്രോണുകള്‍ താഴ്ന്ന ഉയരത്തില്‍ പറന്നതായും ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ക്യാമ്പിലെ ഖാലിദ് ബിന്‍ അല്‍വലീദ് സെന്ററും ഖാലിദ് ബിന്‍ അല്‍വലീദ് മസ്ജിദും പിന്നീട് മൂന്ന് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രായില്‍ ആക്രമിച്ചതായും ഏജന്‍സി കൂട്ടിച്ചേര്‍ത്തു. തെക്കന്‍ ലെബനോനിലെ ഹമാസ് പരിശീലന കോമ്പൗണ്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ ഞങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഐന്‍ അല്‍ഹില്‍വ ക്യാമ്പിലെ കോമ്പൗണ്ട് പരിശീലനത്തിനും തയാറെടുപ്പിനുമായി ഹമാസ് പ്രവര്‍ത്തകര്‍ ഉപയോഗിച്ചതായും സൈന്യം പറഞ്ഞു.
ഐന്‍ അല്‍ഹില്‍വ ക്യാമ്പിലെ ഹമാസ് പരിശീലന കോമ്പൗണ്ട് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന ഇസ്രായില്‍ സൈന്യത്തിന്റെ അവകാശവാദം കെട്ടുകഥയും നുണയുമാണെന്ന് ഹമാസ് പ്രതികരിച്ചു. ലെബനോനിലെ പലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ സൈനിക കേന്ദ്രങ്ങളൊന്നുമില്ല. ക്യാമ്പിലെ താമസക്കാര്‍ പതിവായി സന്ദര്‍ശിക്കുന്ന തുറന്ന കായിക മൈതാനം ലക്ഷ്യമിട്ടാണ് ഇസ്രായില്‍ ആക്രമണം നടത്തിയത്. മൈതാനത്തുണ്ടായിരുന്ന കൂട്ടം യുവാക്കളെയാണ് ലക്ഷ്യമിട്ടതെന്നും ഹമാസ് പറഞ്ഞു.
ഹിസ്ബുല്ലയും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തലിന്റെ വാര്‍ഷികത്തിന് വെറും 10 ദിവസം മാത്രം ശേഷിക്കെ തെക്കന്‍ ലെബനോനില്‍ ചൊവ്വാഴ്ച രണ്ട് പുതിയ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബിന്‍ത് ജബൈല്‍ നഗരത്തിര്‍ കാറിന് നേരെ ഇസ്രായിലി ഡ്രോണ്‍ നടത്തിയ ആക്രമണത്തില്‍ ഒരു പൗരന്‍ മരിച്ചു. ബിന്‍ത് ജബൈല്‍ മുനിസിപ്പാലിറ്റീസ് യൂണിയനിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. പിന്നീട്, മര്‍ജിഇയൂന്‍ ജില്ലയിലെ ബ്ലിദ ഗ്രാമത്തില്‍ കാറിന് നേരെ ഇസ്രായിലി ഡ്രോണ്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ ഒരു ലെബനീസ് പൗരന്‍ കൂടി കൊല്ലപ്പെട്ടു.
അമേരിക്കയുടെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയില്‍ നവംബര്‍ 27 ന് ലെബനോനില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നെങ്കിലും ലെബനോനില്‍ ആക്രമണങ്ങള്‍ നടത്തിയും ലെബനീസ് പ്രദേശത്ത് സൈനിക സാന്നിധ്യം തുടരുന്നതിലൂടെ ഇസ്രായില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായി ലെബനോന്‍ ആരോപിക്കുന്നു. എന്നാല്‍ ഹിസ്ബുല്ല തങ്ങളുടെ സൈനിക ശേഷി പുനര്‍നിര്‍മ്മിക്കാന്‍ പ്രവര്‍ത്തിക്കുന്നതായി ഇസ്രായില്‍ ആരോപിക്കുന്നു.



