ഗാസ – ഗാസയിൽ ഇസ്രായില്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 35 പലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍. രക്തസാക്ഷികളുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് വീണ്ടെടുക്കാന്‍ സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും മഹ്മൂദ് ബസല്‍ അറിയിച്ചു. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇസ്രായില്‍ ഗാസയില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയത്. ഗാസ മുനമ്പിലുടനീളം ബുധനാഴ്ച പുലര്‍ച്ചെ വരെ ഇസ്രായില്‍ വ്യോമാക്രമണം തുടര്‍ന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയില്‍ ആക്രമണത്തിന് ഉത്തരവിട്ടതായി സൂചിപ്പിച്ച് പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് ഗാസയില്‍ വ്യോമാക്രമണങ്ങള്‍ നടന്നത്. ആക്രമണങ്ങളുടെ കാരണം പ്രസ്താവനയില്‍ വിശദീകരിച്ചില്ല. എന്നാല്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ഇസ്രായില്‍ സൈന്യത്തെ ആക്രമിച്ചുകൊണ്ട് ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രായിലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഒക്ടോബര്‍ 10 നാണ് യു.എസ് പിന്തുണയുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. വെടിനിര്‍ത്തല്‍ നിലവില്‍വന്ന ശേഷവും ഇരുപക്ഷവും കരാർ ലംഘിച്ചു. കഴിഞ്ഞ ദിവസം തെക്കന്‍ ഗാസ നഗരമായ റഫയില്‍ ഇസ്രായില്‍ സൈന്യം ഹമാസ് പോരാളികളുമായി ഏറ്റുമുട്ടിയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഫയില്‍ ഇസ്രായില്‍ സൈന്യത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഹമാസ് വ്യക്തമാക്കി.



