ഗാസ – ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണ പരമ്പരയില്‍ ഹമാസ് നേതാക്കളും ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡറും ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സിലെ മുതിര്‍ന്ന നേതാവ് മുഹമ്മദ് അല്‍ഹൗലി ദെയ്ര്‍ അല്‍ബലഹില്‍ നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. നുസൈറാത്തിലെ ഇസ്‌ലാമിക് ജിഹാദ് നേതാവ് അശ്റഫ് അല്‍ഖതീബും ഗാസ സിറ്റിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ 16 വയസ്സുകാരനായ ഒരു ബാലനുമുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
അല്‍ഹൗലിയുടെ കുടുംബവീടിന് നേരെയുണ്ടായ ആക്രമണത്തെ ഹമാസ് ശക്തമായി അപലപിച്ചു. നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ ഇസ്രായില്‍ മനഃപൂര്‍വ്വം ലംഘിക്കുകയാണെന്നും ഗാസയിലെ ഫലസ്തീന്‍ ജനതയ്‌ക്കെതിരായ ആക്രമണം പുനരാരംഭിക്കാനാണ് ഇത്തരം നടപടികളിലൂടെ ഇസ്രായില്‍ ശ്രമിക്കുന്നതെന്നും ഹമാസ് പ്രസ്താവനയില്‍ ആരോപിച്ചു. ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം മാത്രം ഗാസയില്‍ 400 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ നൂറിലധികം പേര്‍ കുട്ടികളാണെന്ന് യുണിസെഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവില്‍ ഗാസ മുനമ്പിന്റെ പകുതിയിലധികം ഭാഗങ്ങളും ഇസ്രായില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. വീടുകളും കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകള്‍ താല്‍ക്കാലിക ഷെല്‍ട്ടറുകളിലും തകര്‍ന്ന കെട്ടിടങ്ങളിലുമാണ് കഴിയുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായി ഇസ്രായിലും ഹമാസും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണങ്ങള്‍ രൂക്ഷമാകുന്നത്.



