തെൽ അവിവ്: ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെ ഇറാന്റെ ആണവ നിലയങ്ങൾക്കു മേൽ വ്യോമാക്രമണം നടത്താൻ ഇസ്രായിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിവിധ യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരമൊരു ആക്രമണത്തിലൂടെ ഇസ്രായിൽ യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി പൂർണമായി അകലുമെന്നും മിഡിൽ ഈസ്റ്റിൽ വൻ പ്രതിസന്ധി രൂപപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാനെ ആക്രമിക്കുന്ന ചർച്ചയിൽ ഇസ്രായിൽ നേതൃത്വം ഏറെ മുന്നോട്ടു പോയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന നയതന്ത്ര ചർച്ചയുടെ ഫലത്തെ ആശ്രയിച്ചായിരിക്കും ആക്രമം. ‘ഇറാന്റെ ആണവ പദ്ധതിയെ ഇസ്രായിൽ ആക്രമിക്കാനുള്ള സാധ്യത സമീപ മാസങ്ങളിൽ കാര്യമായി വർധിച്ചിട്ടുണ്ട്. ട്രംപ് മുൻകൈയെടുത്ത് നടത്തുന്ന ചർച്ചയോടെ ഇറാൻ ആണവ പദ്ധതികൾ ഉപേക്ഷിക്കുന്നില്ലെങ്കിൽ ആക്രമണം നടത്താനാണ് സാധ്യത’ – യു.എസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പറഞ്ഞു.
സമാധാനപരമായ ആണവ ആവശ്യങ്ങൾക്കു വേണ്ടിയുള്ള യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കില്ലെന്നും അമേരിക്കയുമായുള്ള ചർച്ച വിജയിക്കാൻ സാധ്യതയില്ലെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ചർച്ചകളിലൂടെ തെഹ്‌റാന്റെ ആണവ പദ്ധതിയെ പരിമിതപ്പെടുത്താനോ ഇല്ലാതാക്കാനോ ഉള്ള തന്റെ ഭരണകൂടത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നടപടി എടുക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മാർച്ച് മധ്യത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്ക് അയച്ച കത്തിൽ ട്രംപ് 60 ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. കത്തിന് ശേഷം 60 ദിവസവും യു.എസ് – ഇറാൻ ചർച്ചകൾ തുടങ്ങിയിട്ട് 38 ദിവസവും കഴിഞ്ഞു.
ചർച്ചകൾക്കു വേണ്ടി അനുവദിക്കൂ ആഴ്ചകൾ മാത്രമേ അനുവദിക്കൂ എന്നും, അതിനുശേഷം സൈനിക ആക്രമണത്തിലേക്ക് നീങ്ങുമെന്നും ട്രംപ് വ്യക്തമാക്കിയെന്നാണ് ഈ മാസം ആദ്യം പ്രസിഡന്റിനെ കണ്ട ഒരു മുതിർന്ന പാശ്ചാത്യ നയതന്ത്രജ്ഞൻ പറഞ്ഞത്. എന്നാൽ, യുദ്ധം ഒഴിവാക്കിയുള്ള നയതന്ത്ര പരിഹാരത്തിനാണ് വൈറ്റ്ഹൗസ് ഇപ്പോൾ പ്രാമുഖ്യം നൽകുന്നത്. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നിരന്തര ബന്ധം പുലർത്തുകയും ഇറാനെ ആക്രമിക്കാൻ ലോബിയിങ് നടത്തുകയും ചെയ്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്‌സിനെ ട്രംപ് തൽസ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു.
ഇറാനുമായി നയതന്ത്ര പരിഹാരത്തിന് യു.എസ് ശ്രമിക്കുന്നതിൽ ഇസ്രായിലിന് കടുത്ത എതിർപ്പുണ്ട്. ഇസ്രായിലിന് സ്വീകാര്യമല്ലാത്ത ഒരു യുഎസ്-ഇറാൻ കരാറിനെ ഒഴിവാക്കാനും, ട്രംപുമായുള്ള അകലം കുറക്കാനും നെതന്യാഹു സമ്മർദത്തിലാണ്.