ലണ്ടൻ: അന്താരാഷ്ട്ര നിയമങ്ങൾ മറികടന്ന് ഗാസയിൽ ഇസ്രായിൽ നടത്തുന്ന സൈനിക അതിക്രമങ്ങളെ തുടർന്ന് സയണിസ്റ്റ് രാജ്യത്തിനെതിരെ നടപടികളാരംഭിച്ച് ബ്രിട്ടൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചുള്ള ചർച്ച നിർത്തിവച്ചതായും 2030 ഉഭയകക്ഷി റോഡ്മാപ്പിനു കീഴിയുള്ള സഹകരണം തുടരുന്ന കാര്യം പുനഃപരിശോധിക്കുമെന്നും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഇതിനു പുറമെ യു.കെയിലെ ഇസ്രായിൽ അംബാസഡറെ ഫോറിൻ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്.
ഗാസയിലെ ഇസ്രായിൽ അതിക്രമത്തെയും മാനുഷിക പ്രതിസന്ധിയെയും സംബന്ധിച്ച് ഹൗസ് ഓഫ് കോമൺസിൽ സംസാരിക്കവെയാണ് വിദേശകാര്യ സെക്രട്ടറി കടുത്ത നടപടികൾ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര നിയമങ്ങൾ മറികടന്നുള്ള സൈനിക നീക്കവുമായി മുന്നോട്ടു പോവുകയാണെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ ഇന്നലെ സംയുക്ത പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് തള്ളിയ ഇസ്രായിൽ ഗാസയിൽ അതിക്രമം തുടരുന്നതിനിടെയാണ് ബ്രിട്ടൻ പുതിയ നടപടികളിലേക്ക് കടന്നിരിക്കുന്നത്.
ഗാസയിൽ സിവിലിയന്മാർക്കു മുകളിൽ പട്ടിണിമരണ ഭീഷണി തൂങ്ങിനിൽക്കുകയാണെന്ന വാക്കുകളോടെ ഹൗസ് ഓഫ് കോമൺസിലെ പ്രസംഗം ആരംഭിച്ച ഡേവിഡ് ലാമി, നെതന്യാഹുവിന്റെ പ്രവൃത്തികളാണ് തങ്ങളെ കടുത്ത നടപടികൾക്ക് പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തമാക്കി:
‘നെതന്യാഹുവിന്റെ ഗവൺമെന്റ് ഗാസയിലെ ജനങ്ങളെ അവരുടെ വീടുകളിൽ നിന്നിറക്കി മുനമ്പിന്റെ ഒരു ഭാഗത്തേക്ക് മാറ്റുകയും, അവർക്കാവശ്യമായ സഹായത്തിന്റെ വളരെ കുറഞ്ഞ പങ്കു മാത്രം അനുവദിക്കുകയുമാണ് ചെയ്യുന്നത്. പ്രൈം മിനിസ്റ്റർ നെതന്യയാഹു, ഉപരോധം അവസാനിപ്പിച്ച് സയാഹം എത്താൻ അവസരമൊരുക്കൂ…’
‘സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് ഇസ്രായിലി ഗവൺമെന്റുമായുള്ള ചർച്ചകൾ നമ്മൾ നിർത്തിവെച്ചിട്ടുണ്ട്. 2030 ഉഭയകക്ഷി റോഡ്മാപ്പ് പ്രകാരമുള്ള സഹകരണം തുടരുന്ന കാര്യം പുനഃപരിശോധിക്കും. നെതന്യാഹുവിന്റെ ഭരണകൂടമാണ് ഈ നടപടികൾക്ക് നിർബന്ധിച്ചത്.’ – ലാമി പറഞ്ഞു. ഇസ്രായിലി അംബാസഡർ ഷിപ്പി ഹൊതോവ്‌ലിയെ ഫോറിൻ ഓഫീസിലേക്ക് വിളിച്ചു വരുത്തിയതായും, ഗാസയിലേക്ക് സഹായമെത്തുന്നതിന് 11 ആഴ്ച മുമ്പ് ഏർപ്പെടുത്തിയ ഉപരോധം ക്രൂരവും ന്യായീകരണമില്ലാത്തതുമാണെന്ന് മിഡിൽ ഈസ്റ്റ് കാര്യമന്ത്രി ഹാമിഷ് ഫാൽകോനർ അംബാസഡറെ ബോധിപ്പിക്കുമെന്നും ലാമി വ്യക്തമാക്കി.