ബെയ്‌റൂത്ത് – ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ അടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ലെബനോനിലെ ബാല്‍ബെക്ക് നഗരത്തിന് സമീപം ഞായറാഴ്ച രാത്രി വൈകി ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക ദേശീയ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ബാല്‍ബെക്കിന്റെ തെക്കന്‍ പ്രവേശന കവാടത്തിന് സമീപത്തെ പ്രാന്തപ്രദേശത്ത് ഫലസ്തീന്‍ കുടുംബം താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് ലക്ഷ്യമിട്ടാണ് അര്‍ധ രാത്രിയില്‍ ഇസ്രായില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ വാഇല്‍ അബ്ദുല്‍ഹലീമും അദ്ദേഹത്തിന്റെ മകള്‍ റാമയും കൊല്ലപ്പെട്ടതായി നാഷണല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.
തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ മറ്റു രണ്ടു വ്യോമാക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തൈര്‍ഫല്‍സെ ഗ്രാമത്തിലുണ്ടായ വ്യോമാക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നവജാതശിശു അടക്കം മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൈര്‍ദബാ ഗ്രാമത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സറാരിയ, ജെബ്ശിത്ത് ഗ്രാമങ്ങളില്‍ നടന്ന രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുല്ലയുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ലെബനോനില്‍ ഇസ്രായില്‍ ആക്രമണം തുടരുകയാണ്. വെള്ളിയാഴ്ച, വാഷിംഗ്ടണില്‍ ഇസ്രായിലും ലെബനോനും തമ്മിലുള്ള രണ്ടാം ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍, ഏപ്രില്‍ 17 ന് പ്രാബല്യത്തില്‍ വന്നതും ഞായറാഴ്ച അവസാനിക്കേണ്ടിയിരുന്നതുമായ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്ക് നീട്ടുന്നതായി അമേരിക്ക പ്രഖ്യാപിച്ചു.
ഇസ്രായിലിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കുള്ള പ്രതികരണമെന്നോണം തെക്കന്‍ ലെബനോനിലും ഇസ്രായിലിനുള്ളിലും ഇസ്രായില്‍ സൈന്യത്തിനെതിരെ ആക്രമണങ്ങള്‍ നടത്തുന്നതായി ഹിസ്ബുല്ല അറിയിക്കുന്നു. ലെബനോനും ഇസ്രായിലും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ ഹിസ്ബുല്ല നിരാകരിക്കുന്നു. പരസ്പരം നയതന്ത്ര ബന്ധമില്ലാത്ത ഇരു രാജ്യങ്ങളും തമ്മിലുള്ള പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ആദ്യ ചര്‍ച്ചയാണിത്. മാര്‍ച്ച് 2 ന് ഇസ്രായിലും ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ലെബനോനില്‍ 2,900 ല്‍ അധികം ആളുകള്‍ ഇസ്രായിലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഇതില്‍ 400 ലേറെ പേര്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷം പത്തു ലക്ഷത്തിലധികം ആളുകളെ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി.



