തെല്‍അവീവ് – ഇസ്രായിലിന്റെ വ്യോമ മേധാവിത്വം ദേശീയ സുരക്ഷയുടെ മൂലക്കല്ലും പ്രാദേശിക സ്ഥിരതക്ക് നിര്‍ണായക ഘടകവുമാണെന്ന് വ്യോമസേനാ ഉദ്യോഗസ്ഥരുടെ ബിരുദദാന ചടങ്ങില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നെതന്യാഹുവിന്റെ പരാമര്‍ശങ്ങള്‍ തുര്‍ക്കിക്ക് എഫ്-35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍ വില്‍ക്കുന്നതിന് അമേരിക്ക അംഗീകാരം നല്‍കാനുള്ള സാധ്യതയെ പരോക്ഷമായി സൂചിപ്പിക്കുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ ശത്രുക്കളേക്കാള്‍ ശക്തമായി തുടരേണ്ടത് അനിവാര്യമാണെന്ന് നെതന്യാഹു പറഞ്ഞു. നിലവിലുള്ള വെല്ലുവിളികള്‍ക്കൊപ്പം പുതിയ വെല്ലുവിളികളും ഉയര്‍ന്നുവന്നിട്ടുണ്ട്. യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. സാധ്യതയുള്ള ഏത് സാഹചര്യവും നേരിടാന്‍ ഇസ്രായില്‍ തയ്യാറാണെന്നും നെതന്യാഹു വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വില്‍പ്പന നിരോധനം നീക്കാന്‍ തീരുമാനിച്ചാല്‍ തുര്‍ക്കിക്ക് ആറ് എഫ്-35 വിമാനങ്ങള്‍ ലഭിക്കും. റഷ്യന്‍ മിസൈല്‍ സംവിധാനം വാങ്ങിയതിന് തുര്‍ക്കിയെ ശിക്ഷിക്കാന്‍ ഉദ്ദേശിച്ച് തുര്‍ക്കിക്ക് മേല്‍ നേരത്തെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ അമേരിക്ക പിന്‍വലിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. തുര്‍ക്കിക്ക് എഫ്-35 വിമാനങ്ങള്‍ വില്‍ക്കാതിരിക്കുന്നതും ഉപരോധങ്ങളില്‍ ഉള്‍പ്പെടുന്നു.



