ബെയ്‌റൂത്ത് – മൂന്ന് മാസത്തിലേറെ മുമ്പ് ഫെബ്രുവരി 28 ന് ഇറാനില്‍ യു.എസ്-ഇസ്രായില്‍ വ്യോമാക്രമണങ്ങളിലൂടെ പൊട്ടിപ്പുറപ്പെട്ട മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ ഏറ്റവും വലിയ ജീവഹാനി നേരിട്ടത് ലെബനോനാണ്. മാര്‍ച്ച് 2 ന് ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല ഗ്രൂപ്പ് ഇറാനെ പിന്തുണച്ച് ഇസ്രായിലിലേക്ക് റോക്കറ്റുകള്‍ തൊടുത്തതോടെ സംഘര്‍ഷം ലെബനോനിലേക്കും വ്യാപിച്ചു. ഇത് ലെബനോനില്‍ ഇസ്രായിലിന്റെ വ്യോമ, കര ആക്രമണത്തിന് കാരണമായി.
ലെബനോന് നേരിട്ട പ്രധാന നഷ്ടങ്ങളില്‍ ചിലത്:
മരണങ്ങൾ
മാര്‍ച്ച് 2 നും യു.എസ്-ഇറാന്‍ കരാര്‍ പ്രഖ്യാപിച്ച ജൂണ്‍ 14 നും ഇടയില്‍ ലെബനോനില്‍ 3,783 പേര്‍ കൊല്ലപ്പെടുകയും 11,699 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റ വ്യക്തമാക്കുന്നു. കൊല്ലപെട്ടവരില്‍ 247 കുട്ടികളും 363 സ്ത്രീകളും 133 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. മന്ത്രാലയത്തിന്റെ കണക്കുകളില്‍ സിവിലിയന്മാരെയും പോരാളികളെയും വേര്‍തിരിക്കുന്നില്ല. തങ്ങളുടെ ഭാഗത്തുള്ള ആളപായത്തിന്റെ കണക്കുകള്‍ ഹിസ്ബുല്ല പുറത്തുവിട്ടിട്ടില്ല.
അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ട ഏപ്രില്‍ അവസാനം വരെ ഇറാനില്‍ രേഖപ്പെടുത്തിയ 3,468 മരണങ്ങളെക്കാള്‍ കൂടുതലാണ് ഈ നഷ്ടങ്ങള്‍. 2023 ഒക്ടോബര്‍ മുതല്‍ 2024 നവംബര്‍ വരെ നീണ്ടുനിന്ന, ഇസ്രായിലും ഹിസ്ബുല്ലയും തമ്മിലുള്ള മുന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ആ സംഘര്‍ഷത്തില്‍ 3,768 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത് 2024 സെപ്റ്റംബറില്‍ ഇസ്രായില്‍ ആക്രമണം ആരംഭിച്ചതിന് ശേഷമാണ്. ഏറ്റവും പുതിയ യുദ്ധത്തില്‍ ഹിസ്ബുല്ല ആക്രമണങ്ങളില്‍ ലെബനോനില്‍ കുറഞ്ഞത് 28 ഇസ്രായിലി സൈനികരും നാല് സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യത്തില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റോയിട്ടേഴ്സ് കണക്ക് സൂചിപ്പിക്കുന്നു. 2023-2024 യുദ്ധത്തില്‍ വടക്കന്‍ ഇസ്രായിലില്‍ 73 ഇസ്രായിലി സൈനികരും 45 സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ഇതിനെ അപേക്ഷിച്ച് ഇത്തവണത്തെ യുദ്ധത്തില്‍ ഇസ്രായിലിന്റെ ഭാഗത്ത് ആളപായം ഏറെ കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഭൗതിക നാശഷ്ടങ്ങള്‍
ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ ലെബനോനിലുടനീളം ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും നിരവധി കെട്ടിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. നാശനഷ്ടങ്ങളില്‍ ഭൂരിഭാഗവും തെക്കന്‍ പ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചതെങ്കിലും തലസ്ഥാനമായ ബെയ്‌റൂത്തിലും അതിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെട്ടു. തെക്കന്‍ ലെബനോനിലെ വിശാലമായ പ്രദേശം കൈവശപ്പെടുത്തിയ ഇസ്രായില്‍ സൈന്യം ഇവിടുത്തെ ഡസന്‍ കണക്കിന് ഗ്രാമങ്ങള്‍ മുച്ചൂടും നശിപ്പിച്ചു. സിവിലിയന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല പോരാളികളുടെ ആക്രമണങ്ങളില്‍ നിന്ന് വടക്കന്‍ ഇസ്രായിലിലെ നിവാസികളെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൈന്യം അവകാശപ്പെട്ടു.
യുദ്ധത്തിന്റെ ആദ്യ മാസത്തില്‍ തെക്കന്‍ പ്രദേശങ്ങളില്‍ കേടുപാടുകള്‍ നേരിട്ട കെട്ടിടങ്ങളില്‍ ആശുപത്രികള്‍, വൈദ്യുതി നിലയങ്ങള്‍, വാട്ടര്‍ പമ്പിംഗ് സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മാര്‍ച്ച് 2 മുതല്‍ മെയ് 17 വരെയുള്ള കാലയളവില്‍ രാജ്യത്തുടനീളമുള്ള 68,000 ലേറെ ഭവന യൂണിറ്റുകള്‍ നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി ലെബനോനിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന്റെ ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നത്. ഈ പാര്‍പ്പിട യൂണിറ്റുകളില്‍ ഏകദേശം 30,000 എണ്ണം ലെബനോന്റെ തെക്കേ അറ്റത്തുള്ള മൂന്ന് പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. 8,000 ലേറെ ഭവന യൂണിറ്റുകള്‍ ബെയ്‌റൂത്തിലും അതിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലുമാണ്.
ബെയ്‌റൂത്തിലും അതിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും മാത്രം 36.5 കോടി ഡോളറിന്റെ നാശനഷ്ടം നേരിട്ടതായി യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടങ്ങള്‍ നശിപ്പിച്ചതിനും സിവിലിയന്‍ നാശനഷ്ടങ്ങള്‍ വരുത്തിയതിനും ഇസ്രായിലിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചു. ആരെയെങ്കിലും അന്വേഷിക്കുമ്പോഴെല്ലാം ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം പൊളിക്കേണ്ട ആവശ്യമില്ല, കാരണം ആ കെട്ടിടങ്ങളില്‍ ധാരാളം ആളുകളുണ്ട്, അവരെല്ലാം ഹിസ്ബുല്ലയല്ല. എനിക്ക് അത് ഉറപ്പ് നല്‍കാന്‍ കഴിയുമെന്ന് ഫ്രാന്‍സില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാര്‍ച്ച് 2 മുതല്‍ ലെബനോനിലുടനീളം ഇസ്രായിലി വ്യോമാക്രമണങ്ങളും കുടിയൊഴിപ്പിക്കല്‍ മുന്നറിയിപ്പുകളും മൂലം 12 ലക്ഷത്തിലധികം ആളുകള്‍ കുടിയിറക്കപ്പെട്ടതായി ലെബനീസ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ യുദ്ധസമയത്ത് ആദ്യമായി ഇസ്രായില്‍ സൈന്യം പൂര്‍ണ്ണമായും ഒഴിപ്പിക്കാന്‍ ഉത്തരവിട്ട ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്ത ലക്ഷക്കണക്കിന് ആളുകളും അവരില്‍ ഉള്‍പ്പെടുന്നു. തിരികെ പോകാന്‍ വീടില്ലാത്തതിനാലോ ലെബനോനിലെ വെടിനിര്‍ത്തലിന്റെ സുസ്ഥിരതയില്‍ വിശ്വാസമില്ലാത്തതിനാലോ, അമേരിക്കയും ഇറാനും തമ്മിലുള്ള കരാര്‍ പ്രഖ്യാപിച്ചതിനുശേഷവും കുടിയിറക്കപ്പെട്ടവരില്‍ പലരും വീടുകളിലേക്ക് മടങ്ങിയിട്ടില്ല.
സാമ്പത്തിക ആഘാതം
യുദ്ധത്തിന്റെ സാമ്പത്തിക ആഘാതത്തിന്റെ പൂര്‍ണ്ണ വ്യാപ്തി ലെബനീസ് അധികൃതര്‍ വിലയിരുത്തിയിട്ടില്ല. എന്നാല്‍ 2023-2024 ലെ യുദ്ധം, 2020 ലെ ബെയ്‌റൂത്ത് തുറമുഖ സ്‌ഫോടനം, 2019 ലെ സാമ്പത്തിക തകര്‍ച്ച എന്നിവയുള്‍പ്പെടെ സമീപകാല പ്രതിസന്ധികളുടെ പരമ്പരയില്‍ നിന്ന് രാജ്യത്തിന്റെ വീണ്ടെടുക്കലിനെ പുതിയ യുദ്ധം തടസ്സപ്പെടുത്തിയെന്ന് അധികൃതര്‍ പറഞ്ഞു. യുദ്ധം ഈ വര്‍ഷം ലെബനോന്‍ സമ്പദ്വ്യവസ്ഥ കുറഞ്ഞത് 7 ശതമാനമെങ്കിലും ചുരുങ്ങാന്‍ ഇടയാക്കുമെന്ന് ധനമന്ത്രി യാസീന്‍ ജാബിര്‍ മെയ് മാസത്തില്‍ റോയിട്ടേഴ്സിനോട് വ്യക്തമാക്കി. 2024 ലെ യുദ്ധം ലെബനോന് കുറഞ്ഞത് 850 കോടി ഡോളറിന്റെ ഭൗതിക നാശനഷ്ടങ്ങളും സാമ്പത്തിക നഷ്ടങ്ങളും വരുത്തിയതായി ലോകബാങ്ക് പറയുന്നു. 2024 ല്‍ ലെബനോന്റെ യഥാര്‍ഥ ജി.ഡി.പി 7.1 ശതമാനം കുറഞ്ഞുവെന്നും ഇത് 2019 മുതല്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ഏകദേശം 40 ശതമാനം സഞ്ചിത ഇടിവിന് കാരണമായെന്നും ലോകബാങ്ക് സൂചിപ്പിച്ചു.



