തെൽഅവീവ്: ഇസ്രായിലി വനിതാ സൈനികയെ ഫലസ്തീനി യുവാവ് വെസ്റ്റ് ബാങ്കിലേക്ക് തട്ടിക്കൊണ്ടുപോയെന്ന സംശയത്തെത്തുടർന്ന് നാടകീയ രംഗങ്ങൾ. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാറിനെ പൊലീസ് പിന്തുടർന്ന് പിടികൂടിയപ്പോഴാണ് സംഭവം പ്രണയബന്ധത്തിന്റേതാണെന്ന് വ്യക്തമായത്. ഇതോടെ പൊലീസിന്റെയും സുരക്ഷാസേനയുടെയും ആശങ്കകൾക്ക് വിരാമമായി. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ മേഖലയ്ക്ക് സമീപം വെച്ചാണ് സംശയം തോന്നിയ പൊലീസ് സംഘം കാർ തടഞ്ഞുനിർത്തിയത്. എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വ്യക്തമായതോടെ തങ്ങൾക്ക് സാഹചര്യം തെറ്റായി വിലയിരുത്തേണ്ടി വന്നതാണെന്ന് പൊലീസിന് ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി ‘ടൈംസ് ഓഫ് ഇസ്രായിൽ’ റിപ്പോർട്ട് ചെയ്തു.
ഇസ്രായിൽ സൈനികരും ഫലസ്തീനികളും തമ്മിലുള്ള പ്രണയബന്ധങ്ങൾക്ക് നിയമപരമായ നിരോധനമില്ലെങ്കിലും, ഇസ്രായിൽ സൈന്യം ഇത്തരം ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പത്രം വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ ഇത്തരം ചട്ടങ്ങൾ ലംഘിച്ചതിന് സൈനികർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്.



