ജറൂസലം – ഷിൻ ബെത്ത് തലവനെ നിയമിക്കുന്ന കാര്യത്തിൽ കോടതിവിധി അവഗണിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രായിൽ പ്രസിഡണ്ട് ഇസാക് ഹെർസോഗ്. ബെൻ ഷെത്ത് തലവൻ റോനൻ ബാറിനെ പുറത്താക്കിയതിനു പിന്നിൽ നെതന്യാഹുവിന് വ്യക്തിപരമായ താൽപര്യങ്ങൾ ഉണ്ടായിരുന്നുവെന്നും പുതിയ തലവനെ നിയമിക്കരുതെന്നുമാണ് കഴിഞ്ഞ ബുധനാഴ്ച ഹൈക്കോടതി വിധിച്ചത്. എന്നാൽ, അടുത്ത മാസം 15-ന് റോനൻ ബാറിന്റെ കാലാവധി കഴിയുന്ന മുറയ്ക്ക് ചുമതല ഏറ്റെടുക്കാൻ മുൻ സൈനിക മേജർ ജനറൽ ഡേവിഡ് സിനിയോട് ആവശ്യപ്പെട്ടിരുന്നു.
‘കോടതിയുടെ വിധികളോ നിയമങ്ങളുടെ നിർദേശങ്ങളോ അനുസരിക്കാതിരിക്കാമെന്ന് ആരും കരുതേണ്ടെന്ന് ഞാൻ മുന്നറിയിപ്പ് നൽകുകയാണ്.’ ജറുസലമിലെ പ്രസിഡണ്ടിന്റെ വസതിയിൽ നടന്ന ബൈബിൾ ക്ലാസിനിടെ ഹെർസോഗ് പറഞ്ഞു.
‘ജൂത, ജനാധിപത്യ ഇസ്രായേലിൽ നിയമവാഴ്ച എന്നത് ഒരു ശുപാർശയല്ല, അടിസ്ഥാനപരമായ തത്വം തന്നെയാണ്. നിയമം ലംഘിക്കുന്നതിന്റെയോ കോടതിയുടെ ഉത്തരവുകൾ അനുസരിക്കാതിരിക്കുന്നതിന്റെയോ സാധ്യത ആരെങ്കിലും ചർച്ച ചെയ്യുന്നുണ്ടെങ്കിൽ അവർ ഇസ്രായിൽ ജനതയെയും ജനാധിപത്യത്തെയും മാത്രമല്ല, നമ്മുടെ രാഷ്ട്രത്തിന്റെ പരമാധികാരത്തെ തന്നെയാണ് വെല്ലുവിളിക്കുന്നത്.’ – ഹെർസോഗ് പറഞ്ഞു.
ഹൈക്കോടതി വിധിക്കു പിന്നാലെ, പുതിയ ഷിൻ ബെത്ത് തലവനെ നിയമിക്കരുതെന്ന് അറ്റോണി ജനറൽ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് കണക്കിലെടുക്കാതെ തന്റെ തീരുമാനവുമായി മുന്നോട്ടുപോവുകയാണ് നെതന്യാഹു ചെയ്തത്. നിയമമന്ത്രി യാരിവ് ലെനിൻ, വാർത്താവിനിമയ മന്ത്രി ഷ്‌ളോമോ കർഹി, ധനകാര്യമന്ത്രി ബെസലേൽ സ്‌മോത്രിച്ച് എന്നിവർ ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് പ്രോത്സാഹനവുമായി രംഗത്തുണ്ട് എന്നാണ് റിപ്പോർട്ടുകൾ.