ബെയ്‌റൂത്ത്– ഗാസയില്‍ ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ വേര്‍തിരിക്കുന്ന രേഖക്ക് സമാനമായ യെല്ലോ ലൈന്‍ തെക്കന്‍ ലെബനോനിലും സ്ഥാപിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഈ രേഖയിലൂടെ തങ്ങളുടെ സേനയെ സമീപിക്കാന്‍ ശ്രമിച്ച പോരാളികളെ ആക്രമിച്ചതായി സൈന്യം പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് യെല്ലോ ലൈനിന് വടക്ക് നിന്ന് നേരിട്ടുള്ള ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ സൈന്യത്തെ സമീപിച്ച ഭീകരരെ കഴിഞ്ഞ 24 മണിക്കൂറിനിടെ തെക്കന്‍ ലെബനോനിലെ മഞ്ഞ രേഖക്ക് തെക്ക് പ്രവര്‍ത്തിക്കുന്ന ഇസ്രായില്‍ പ്രതിരോധ സേന തിരിച്ചറിഞ്ഞതായി സൈന്യം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ലെബനോനിലെ യെല്ലോ ലൈനിനെ കുറിച്ചുള്ള ഇസ്രായില്‍ സൈന്യത്തിന്റെ ആദ്യ പരാമര്‍ശമാണിത്.
തിരിച്ചറിഞ്ഞ ഉടന്‍, ഭീഷണി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, തെക്കന്‍ ലെബനോനിലെ നിരവധി പ്രദേശങ്ങളില്‍ ഭീകരരെ സൈന്യം ആക്രമിച്ചു. വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഭീഷണികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സൈന്യത്തിന് അധികാരമുണ്ട്. വെടിനിര്‍ത്തല്‍ ധാരണകള്‍ ലംഘിച്ച ഹിസ്ബുല്ല പ്രവര്‍ത്തകര്‍ക്കെതിരെ വെള്ളിയാഴ്ച തെക്കന്‍ ലെബനോനില്‍ ആക്രമണം നടത്തിയതായി ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇത്തരത്തിലുള്ള ആദ്യ ഓപ്പറേഷനുകളാണിത്. ഭീഷണി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായില്‍ വ്യോമസേനയും കരസേനയും തെക്കന്‍ ലെബനോനിലെ നിരവധി പ്രദേശങ്ങളിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായും സൈന്യം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാത്രി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ തെക്കന്‍ ലെബനോനിലെ ഇസ്രായില്‍ സൈന്യത്തിന്റെ വിന്യാസ രേഖയെ യെല്ലോ ലൈന്‍ അടയാളപ്പെടുത്തുന്നു.



