തെല്‍അവീവ് – 1967 ന് ശേഷം ആദ്യമായി വെസ്റ്റ് ബാങ്കില്‍ ഭൂമി രജിസ്ട്രേഷന് പ്രക്രിയ ആരംഭിക്കാനുള്ള നിര്‍ദേശത്തിന് ഇസ്രായില്‍ സര്‍ക്കാര്‍ അംഗീകാരം നല്കി. നീതിന്യായ മന്ത്രി യാരിവ് ലെവിന്‍, ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്, പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് എന്നിവര്‍ സമര്‍പ്പിച്ച നിര്‍ദേശം വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കാന്‍ അനുവദിക്കും. വെസ്റ്റ് ബാങ്കില്‍ ഭൂമി കുടിയേറ്റവും രജിസ്ട്രേഷന് നടപടിക്രമങ്ങളും ആരംഭിക്കാനും വെസ്റ്റ് ബാങ്കിലെ വലിയ പ്രദേശങ്ങള്‍ സര്‍ക്കാര്‍ ഭൂമി ആയി രജിസ്റ്റര്‍ ചെയ്യാനും ഈ തീരുമാനം വ്യവസ്ഥ ചെയ്യുന്നു. ഇത് അവയുടെ മേലുള്ള ഇസ്രായിലി നിയന്ത്രണം വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുമെന്ന് ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് കോര്പ്പറേഷന് അറിയിച്ചു.
ഇസ്രായില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ തീരുമാനത്തെ പെട്ടെന്ന് സ്വാഗതം ചെയ്തു. വെസ്റ്റ് ബാങ്കില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം ഏകപക്ഷീയമായ നടപടികളെ തടയുന്നതായും ഞങ്ങളുടെ ഭൂമിക്ക് ഞങ്ങള്‍ ഉത്തരവാദികളായിരിക്കുമെന്നും ഞങ്ങളുടെ മുഴുവന്‍ ഭൂമിയും നിയന്ത്രിക്കുന്നത് ഞങ്ങള്‍ തുടരുകയാണെന്നും സ്മോട്രിച്ച് പ്രസ്താവിച്ചു. വെസ്റ്റ് ബാങ്കിലെ വിശാലമായ ഭൂമി ഇസ്രായില്‍ രാജ്യത്തിന്റെ സ്വത്തായി രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനം അനുവദിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് സൂചിപ്പിച്ചു. വെസ്റ്റ് ബാങ്കില്‍ സര്‍ക്കാരിന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് നീതിന്യായ മന്ത്രാലയത്തിന് ബജറ്റ് അനുവദിക്കുമെന്ന് രണ്ട് മന്ത്രിമാരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ തങ്ങളുടെ അധികാരങ്ങള്‍ വികസിപ്പിക്കാനും ജൂതന്മാര്ക്ക് ഭൂമി വാങ്ങലുകള്‍ സുഗമമാക്കാനും ലക്ഷ്യമിട്ടുള്ള ഒരുകൂട്ടം തീരുമാനങ്ങള്‍ക്ക് കഴിഞ്ഞ ഞായറാഴ്ച ഇസ്രായില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വെസ്റ്റ് ബാങ്കിലെ ഭൂമി, സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ നിര്‍ദേശം അംഗീകരിച്ചത്.
വാങ്ങലുകള്‍ സുഗമമാക്കുന്നതിന് വെസ്റ്റ് ബാങ്കിലെ ഭൂമി രേഖകള്‍ പരസ്യപ്പെടുത്തുന്നത് മന്ത്രിസഭാ തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഭൂവുടമകളെ തിരിച്ചറിയാനും അവരെ നേരിട്ട് ബന്ധപ്പെടാനും വാങ്ങുന്നവരെ ഈ തീരുമാനം അനുവദിക്കുന്നു. ഈ രേഖകള്‍ വളരെക്കാലമായി രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ധന, പ്രതിരോധ മന്ത്രിമാരുടെ കക്ഷികള്‍ മുന്നോട്ടുവെച്ച് അംഗീകരിച്ച തീരുമാനങ്ങള്‍, ഇസ്രായിലും ഫലസ്തീന് അതോറിറ്റിയും തമ്മില്‍ 1997 ല്‍ ഒപ്പുവെച്ച കരാറായ ഹെബ്രോണ്‍ പ്രോട്ടോക്കോളിനെ ദുര്‍ബലപ്പെടുത്തുകയാണ്. ജൂതകുടിയേറ്റങ്ങളുടെ അധികാരം വികസിപ്പിക്കാനും ഫലസ്തീന് സിവില്‍, സുരക്ഷാ നിയന്ത്രണത്തിലുള്ള ഏരിയ എയില്‍ പോലും ഇസ്രായിലിന് നടപടികള്‍ സ്വീകരിക്കാനും പുതിയ തീരുമാനങ്ങള്‍ അനുവദിക്കുന്നു. ഇത് വെസ്റ്റ് ബാങ്കിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ഫലപ്രദമായി ഇസ്രായില്‍ പിടിച്ചെടുക്കുന്നതിലേക്ക് നയിക്കും. വെസ്റ്റ് ബാങ്കിലെ ഭൂമി രജിസ്ട്രേഷനിലും സ്വത്ത് ഉടമസ്ഥാവകാശ നടപടിക്രമങ്ങളിലും സമൂലമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് ഏരിയയിലെ ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഇസ്രായിലിനെ അനുവദിക്കും.
വിദേശികള്‍ക്ക് ഭൂമി വില്‍ക്കുന്നത് നിരോധിക്കുന്ന നിയമം മന്ത്രിസഭ റദ്ദാക്കുകയും ഇടപാട് പെര്‍മിറ്റിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്തു. ഇത് പ്രാദേശികമായി രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ വഴി മാത്രം ഭൂമി വാങ്ങുന്നതിനു പകരം നേരിട്ട് ഭൂമി വാങ്ങാന്‍ ജൂതന്മാരെ പ്രാപ്തരാക്കുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് പ്രത്യേക പെര്‍മിറ്റുകള്‍ ആവശ്യമുള്ള നിയമനിര്‍മ്മാണം റദ്ദാക്കി, ആവശ്യകതകള്‍ അടിസ്ഥാന പ്രൊഫഷണല്‍ മാനദണ്ഡങ്ങളിലേക്ക് പരിമിതപ്പെടുത്തി. അങ്ങിനെ ബ്യൂറോക്രസി കുറക്കുകയും ഉടമസ്ഥാവകാശം സുഗമമാക്കുകയും ചെയ്തു.
ഹെബ്രോണില്‍, കേവ് ഓഫ് ദി പാത്രിയാര്ക്കസ് സൈറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജൂതകുടിയേറ്റ കോളനികള്‍ക്കുള്ള ആസൂത്രണ, നിര്‍മ്മാണ അധികാരം ഫലസ്തീന് അതോറിറ്റി നിയന്ത്രണത്തിലുള്ള ഹെബ്രോണ്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് ഇസ്രായിലി അധികാരികള്‍ക്ക് കൈമാറും. ഇനി മുതല്‍ ഹെബ്രോണില്‍ ജൂതകുടിയേറ്റ കോളനികള്‍ക്കുള്ള ആസൂത്രണ, നിര്‍മ്മാണ അംഗീകാരങ്ങള്‍ ഇസ്രായിലി സുരക്ഷാ വകുപ്പ് മാത്രമാണ് നല്‍കുക. ഹെബ്രോണ്‍ മുനിസിപ്പാലിറ്റി അംഗീകാരം ആവശ്യമില്ല.
1967 ന് ശേഷം ആദ്യമായി വെസ്റ്റ് ബാങ്കില്‍ ഭൂമി രജിസ്ട്രേഷന് തുറക്കാനുള്ള ഇസ്രായില്‍ സര്‍ക്കാരിന്റെ തീരുമാനം ഫലസ്തീന് അതോറിറ്റിയും ഹമാസും തള്ളിക്കളഞ്ഞു. ഇസ്രായിലിന്റെ ഈ നടപടികള്‍ നിര്‍ത്താന്‍ ഉടന്‍ ഇടപെടണമെന്ന് ഫലസ്തീന് അതോറിറ്റിയും ഹമാസും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. വെസ്റ്റ് ബാങ്ക് ഭൂമിയെ ഇസ്രായില്‍ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ഭൂമി ആയി പ്രഖ്യാപിക്കാനുള്ള ഇസ്രായില്‍ ഗവണ്മെന്റിന്റെ തീരുമാനത്തിന്റെ അപകടങ്ങളെ കുറിച്ച് ഫലസ്തീന് പ്രസിഡന്‍സി മുന്നറിയിപ്പ് നല്കി. ഈ തീരുമാനം സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും പ്രസിഡന്‍സി പറഞ്ഞു.
ഇസ്രായിലി തീരുമാനം അധിനിവിഷ്ട ഫലസ്തീന് പ്രദേശം ഇസ്രായിലിലേക്കുള്ള യഥാര്‍ഥ കൂട്ടിച്ചേര്‍ക്കലാണെന്നും നിയമവിരുദ്ധമായ കുടിയേറ്റ പ്രവര്‍ത്തനങ്ങളിലൂടെ അധിനിവേശം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള കൂട്ടിച്ചേര്‍ക്കല്‍ പദ്ധതികള്‍ ആരംഭിക്കുന്നതിന്റെ പ്രഖ്യാപനമാണെന്നും ഫലസ്തീന് പ്രസിഡന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രായിലും ഫലസ്തീന് അതോറിറ്റിയും നേരത്തെ ഒപ്പുവെച്ച കരാറുകളുടെ അവസാനിപ്പിക്കലാണിത്. യു.എന്‍ രക്ഷാ സമിതി പ്രമേയങ്ങള്‍ക്ക്, പ്രത്യേകിച്ച് കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള അധിനിവിഷ്ട ഫലസ്തീന് പ്രദേശങ്ങളിലെ എല്ലാ ജൂതകുടിയേറ്റങ്ങളെയും നിയമവിരുദ്ധമായി കണക്കാക്കുന്ന 2334-ാം പ്രമേയത്തിന് ഇത് വിരുദ്ധമാണ്.
ഈ ഏകപക്ഷീയമായ നടപടികള്‍ ഫലസ്തീന് രാജ്യത്തിന്റെ ഭൂമിയില്‍ ഇസ്രായിലിന് ഒരു നിയമസാധുതയും നല്‍കില്ല. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ് എന്നിവ അന്താരാഷ്ട്ര നിയമത്തിനും യു.എന്‍ പ്രമേയങ്ങള്‍ക്കും കീഴില്‍ അധിനിവിഷ്ട ഫലസ്തീന് പ്രദേശമാണെന്ന നിയമപരവും ചരിത്രപരവുമായ യാഥാര്‍ഥ്യത്തെ ഇത് മാറ്റില്ല. അപകടകരമായ ഇസ്രായിലി നടപടികള്‍ തടയാനും, സമാധാനം കൈവരിക്കാനും സംഘര്‍ഷം ലഘൂകരിക്കാനും അന്താരാഷ്ട്ര നിയമങ്ങളും യു.എന്‍ പ്രമേയങ്ങളും പാലിക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കാനും ഉടന്‍ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട്, പ്രത്യേകിച്ച് യു.എന്‍ രക്ഷാ സമിതിയോടും യു.എസ് ഭരണകൂടത്തോടും പലസ്തീന് പ്രസിഡന്‍സി ആവശ്യപ്പെട്ടു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഭൂമി സര്‍ക്കാര്‍ ഭൂമി ആയി രജിസ്റ്റര്‍ ചെയ്തുകൊണ്ട് ഫലസ്തീന് ഭൂമി മോഷ്ടിക്കാനും ജൂതവല്‍ക്കരിക്കാനും അനുവദിക്കുന്ന തീരുമാനത്തിന് ഇസ്രായില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് അസാധുവാണെന്ന് ഹമാസ് പത്രക്കുറിപ്പില്‍ പറഞ്ഞു. നിയമവിരുദ്ധമായ അധിനിവേശ ശക്തിയായ ഇസ്രായില്‍ പുറപ്പെടുവിച്ച തീരുമാനം, കുടിയേറ്റ, ജൂതവല്‍ക്കരണ യാഥാര്‍ഥ്യങ്ങളെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രസക്തമായ യു.എന്‍ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ്.
ഫലസ്തീന് ജനത ഫലസ്തീന് ഭൂമി പിടിച്ചെടുക്കല്‍, ജൂതവല്‍ക്കരണം, കുടിയിറക്കല്‍ പദ്ധതികള്‍ എന്നിവ അടിച്ചേല്‍പ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തുടര്‍ന്നും നേരിടുമെന്നും ഈ കൊളോണിയല്‍ പദ്ധതികള്‍ വിജയിക്കാന്‍ അനുവദിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി. ഫലസ്തീന് ജനതയുടെ ഇച്ഛാശക്തിയും, അവരുടെ ഭൂമിയോടും അനിഷേധ്യമായ ദേശീയ അവകാശങ്ങളോടും അവര്‍ പുലര്‍ത്തുന്ന വിശ്വസ്തതയും അധിനിവേശ നയങ്ങള്‍ക്കും വിപുലീകരണ പദ്ധതികള്‍ക്കുമെതിരായ അഭേദ്യമായ തടസ്സമായി തുടരും. ഐക്യരാഷ്ട്രസഭയും രക്ഷാ സമിതിയും ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര കക്ഷികളും നിയമപരവും രാഷ്ട്രീയവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ഇസ്രായിലിന്റെ ആക്രമണവും ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതും തടയണമെന്നും ഹമാസ് ആവശ്യപ്പെട്ടു.



