തെല്‍അവീവ് – ഗാസയില്‍ തടവിലാക്കപ്പെട്ട അവസാന ഇസ്രായിലി ബന്ദിയുടെ ഭൗതികാവശിഷ്ടങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കാന്‍ ഈജിപ്തുമായി ധാരണയിലെത്തിയതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. അവസാന ഇസ്രായിലി ബന്ദിയുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരികെ നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സൈനിക, സുരക്ഷാ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രതിനിധി സംഘം ഈജിപ്ത് സന്ദര്‍ശിച്ചു.
പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പ്രതിനിധി സംഘം കയ്റോയിലേക്ക് പോയത്.
അവസാന ബന്ദിയായ റാന്‍ ഗ്വിലിയുടെ ഭൗതികാവശിഷ്ടങ്ങള്‍ ഉടന്‍ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ മധ്യസ്ഥരുമായി ഇവർ ചര്‍ച്ച നടത്തി. റാന്‍ ഗ്വിലിയുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരികെ നല്‍കാനുള്ള ശ്രമങ്ങള്‍ ഉടനടി ശക്തമാക്കാന്‍ യോഗത്തില്‍ ധാരണയായതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍വന്ന ശേഷം, ജീവിച്ചരിക്കുന്ന 20 ബന്ദികളെയും റാന്‍ ഗ്വിലി ഒഴികെ കൊല്ലപ്പെട്ട 27 ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് ഇസ്രായിലിന് കൈമാറി. ഇതിനു പകരമായി രണ്ടായിരത്തോളം ഫലസ്തീന്‍ തടവുകാരെ ഇസ്രായിലും വിട്ടയച്ചു. ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങള്‍ കൈമാറാന്‍ ഹമാസ് മനഃപൂര്‍വം കാലതാമസം വരുത്തുകയാണെന്ന് ഇസ്രായില്‍ ആരോപിക്കുന്നു. എന്നാല്‍ യുദ്ധം അവശേഷിപ്പിച്ച വലിയ അവശിഷ്ടങ്ങള്‍ കാരണമാണ് മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്ന പ്രക്രിയ മന്ദഗതിയിലാകുന്നതെന്ന് ഹമാസ് വാദിക്കുന്നു.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് തായ് ബന്ദി സുധിസാക് റിന്ത്ലാക്കിന്റെ (42) മൃതദേഹാവശിഷ്ടങ്ങള്‍ റെഡ് ക്രോസ് വഴി ഹമാസ് കൈമാറിയത്. ഈ മൃതദേഹം സുധിസാക് റിന്ത്ലാക്കിന്റെതാണെന്ന് തിരിച്ചറിഞ്ഞതായി തായ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.



