ടെഹ്‌റാൻ– പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായിൽ സഖ്യവും ഇറാനും തമ്മിൽ നിലനിൽക്കുന്ന കനത്ത സംഘർഷത്തിനിടെ, ഇസ്രായിൽ പ്രതിരോധ സേനയുടെ ഏറ്റവും വിനാശകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏറ്റാൻ ഡ്രോണിനെ ഇറാന്റെ വ്യോമ പ്രതിരോധ സേന വിജയകരമായി വെടിവെച്ചിട്ടു. ഹെറോൺ ടിപി എന്നറിയപ്പെടുന്ന ഈ തന്ത്രപ്രധാന ഡ്രോണിനെ ഇറാന്റെ അത്യാധുനിക സംയോജിത പ്രതിരോധ ശൃംഖലയാണ് തകർത്തത്. ഇറാന്റെ വ്യോമപരിധി ലക്ഷ്യമാക്കി എത്തിയ ശത്രു ഡ്രോണുകളുടെ വലിയൊരു നിരയെത്തന്നെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാൻ ഇറാന്റെ സ്മാർട്ട് മിസൈൽ സംവിധാനങ്ങൾക്ക് സാധിച്ചു. ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഇവയെല്ലാം തകർക്കപ്പെട്ടതായാണ് റിപ്പോർട്ട്.
ഇസ്രായിലിന്റെ സൈനിക കരുത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന ഹെറോൺ ടിപി ഡ്രോണുകൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിരീക്ഷണ-ആക്രമണ സംവിധാനങ്ങളിൽ ഒന്നാണ്. പതിനാല് കിലോമീറ്ററിലധികം ഉയരത്തിൽ പറന്ന് വിവരശേഖരണം നടത്താൻ ശേഷിയുള്ള ഇതിന് തുടർച്ചയായി 30 മണിക്കൂറിലധികം ആകാശത്ത് തുടരാനാകും. ഉപഗ്രഹ ബന്ധം വഴി ആയിരക്കണക്കിന് കിലോമീറ്ററുകൾ ദൂരത്തിരുന്നു നിയന്ത്രിക്കാവുന്ന ഈ ഡ്രോൺ, യുദ്ധക്കളത്തിലെ വിവരങ്ങൾ തത്സമയം വിശകലനം ചെയ്യാനും പോർവിമാനങ്ങൾക്ക് പിന്തുണ നൽകാനും മിസൈലുകൾ വഹിക്കാനും ശേഷിയുള്ളതാണ്.



