തെഹ്‌റാന്‍ – അമേരിക്കയും ഇസ്രായിലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങള്‍ക്കിടെ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രഹസ്യമായി യു.എ.ഇ സന്ദര്‍ശിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ഇസ്രായിലുമായി ചേര്‍ന്നുള്ള യു.എ.ഇയുടെ
ഗൂഢാലോചനയെ ഇറാന്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. ഇറാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് നേരത്തെ അറിയാവുന്ന കാര്യങ്ങള്‍ നെതന്യാഹു ഇപ്പോള്‍ പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇസ്രായിലുമായി ചേര്‍ന്നുള്ള യു.എ.ഇയുടെ ഗൂഢാലോചന ക്ഷമിക്കാനാവാത്തതാണെന്നും അങ്ങിനെ ചെയ്യുന്നവരോട് കണക്ക് ചോദിക്കുമെന്നും ഇറാന്‍ വിദേശ മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇറാനുമായുള്ള യു.എ.ഇയുടെ ശത്രുത മണ്ടത്തരമായ ചൂതാട്ടം ആണെന്നും മേഖലയില്‍ വിഭജനം വിതക്കാന്‍ ഇസ്രായിലുമായി കൂട്ടുകൂടുന്നവര്‍ കണക്കു പറയേണ്ടിവരും. ഇറാനെതിരെ ഇസ്രായിലുമായി കൂട്ടുകൂടുന്ന ഏതൊരു രാജ്യവും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും വിദേശ മന്ത്രി പറഞ്ഞു.
യുദ്ധത്തിനിടെ നെതന്യാഹു രഹസ്യമായി യു.എ.ഇ സന്ദര്‍ശിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ ഔദ്യോഗികമായി അറിയിച്ചു. നെതന്യാഹുവിന്റെ യു.എ.ഇ യാത്രയെ ചരിത്രപരം എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശേഷിപ്പിച്ചു. എന്നാല്‍ യു.എ.ഇ വിദേശ മന്ത്രാലയം ഈ വെളിപ്പെടുത്തല്‍ നിഷേധിച്ചു. നെതന്യാഹുവിന്റെ മുന്‍ വക്താവ് സിവ് അഗ്മോണ്‍ പ്രധാനമന്ത്രിയോടൊപ്പം അബുദാബിയിലേക്ക് താനും പോയതായി സ്ഥിരീകരിച്ചു. അവിടെ വെച്ച് നെതന്യാഹുവിനെ രാജാക്കന്മാരുടെ ബഹുമാനത്തോടെ സ്വീകരിച്ചതായും യു.എ.ഇ പ്രസിഡന്റ് തന്റെ സ്വകാര്യ കാറില്‍ വിമാനത്തില്‍ നിന്ന് കൊട്ടാരത്തിലേക്ക് കൊണ്ടുപോയതായും സിവ് അഗ്മോണ്‍ പറഞ്ഞു.
അതേസമയം, ബ്രിക്സ് വിദേശ മന്ത്രിമാരുടെ യോഗത്തില്‍ ഇറാനെ പ്രതിനിധീകരിക്കാന്‍ ബുധനാഴ്ച രാത്രി വൈകി അറാഖ്ജി ന്യൂഡല്‍ഹിയില്‍ എത്തി. ഇന്നും വെള്ളിയാഴ്ചയുമായി നടക്കുന്ന വിദേശ മന്ത്രിമാരുടെ യോഗം ഇന്ത്യ ആതിഥേയത്വം വഹിച്ച് സെപ്റ്റംബറില്‍ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി അനിവാര്യമായ ഒത്തുചേരലാണ്. ബ്രിക്സ് അംഗരാജ്യങ്ങള്‍ പ്രധാന യോഗത്തിന് മുമ്പ് അവരുടെ മുന്‍ഗണനകള്‍ ക്രമീകരിക്കാനും തീവ്രമാകുന്ന പ്രാദേശിക സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യാനും പ്രവര്‍ത്തിക്കുന്നതിനിടെ ഇറാന്റെ നയതന്ത്ര ഇടപെടലിനെ അറാഖ്ജിയുടെ സാന്നിധ്യം എടുത്തുകാണിക്കുന്നു.



