ബെയ്‌റൂത്ത്– യുദ്ധം നീണ്ടുനില്‍ക്കുമെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വയം ഭയപ്പെടണമെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നഈം ഖാസിം. ഇസ്രായിലുമായി നീണ്ട യുദ്ധത്തിന് ഹിസ്ബുല്ല സ്വയം തയ്യാറെടുത്തിരിക്കുന്നു. ഇസ്രായില്‍ യുദ്ധക്കളത്തില്‍ അത്ഭുതപ്പെടും. തന്നെ വധിക്കുമെന്ന നെതന്യാഹുവിന്റെ ഭീഷണികള്‍ വിലപ്പോകില്ല. നിങ്ങള്‍ സ്വയം ഭയപ്പെടേണ്ട ആളാണ് എന്ന് നെതന്യാഹുവിനെ അഭിസംബോധന ചെയ്ത് ഹിസ്ബുല്ല നേതാവ് പറഞ്ഞു.
ഇറാനെതിരായ ആക്രമണത്തിനും ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ കൊലപാതകത്തിനും ശേഷം ഇസ്രായിലിനെ നേരിടാന്‍ സാഹചര്യങ്ങള്‍ പാകമായെന്ന് ഹിസ്ബുല്ല കണ്ടെത്തി. സമാധാനത്തിനുള്ള അവസരം കഴിഞ്ഞു. ക്ഷമക്ക് പരിധിയുണ്ട്. ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും. ലെബനീസ് സര്‍ക്കാരിന് രാജ്യത്തിന്റെ പരമാധികാരം സാക്ഷാല്‍ക്കരിക്കാനോ പൗരന്മാരെ സംരക്ഷിക്കാനോ സാധിക്കുന്നില്ല. ഹിസ്ബുല്ല സ്വയം പ്രതിരോധത്തിലാണെന്ന് നഈം ഖാസിം കൂട്ടിചേർത്തു.
ഹിസ്ബുല്ല നടത്തുന്ന പോരാട്ടം മറ്റാര്‍ക്കും വേണ്ടിയല്ല. ലെബനോനിലെ ചെറുത്തുനില്‍പ്പിന്റെ പോരാട്ടമാണത്. പ്രതിരോധം ഇല്ലാതായാല്‍ ലെബനോന്‍ ഉന്മൂലനം നേരിടേണ്ടിവരും. പ്രതിരോധമല്ലാതെ മറ്റൊരു പരിഹാരവുമില്ല. ഇസ്രായില്‍ ശത്രുവിന് അവരുടെ ലക്ഷ്യങ്ങള്‍ നേടാനുള്ള കഴിവില്ല. ഇസ്രായിലിന് അനാവശ്യമായ ഇളവുകള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന് നഈം ഖാസിം ലെബനീസ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കാരണം ഇത് ശത്രുവിനെ കൂടുതല്‍ ധൈര്യപ്പെടുത്തുകയും യുദ്ധം നീട്ടിക്കൊണ്ടുപോകുകയും ചെയ്യും. ഹിസ്ബുല്ലയെ നിരായുധീകരിക്കാനും അതിന്റെ സൈനിക, സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാനുമുള്ള തീരുമാനങ്ങള്‍ ലെബനീസ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



