ബെയ്‌റൂത്ത് – ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രദേശത്ത് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടു. ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ റദ്‌വാന്‍ ഫോഴ്സ് ഓപ്പറേഷന്‍സ് കമാന്‍ഡറായ മാലിക് ബല്ലൂത്താണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 17 ന് ഹിസ്ബുല്ലയും ഇസ്രായിലും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ആദ്യമായാണ് ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായിലിന്റെ വ്യോമാക്രമണം. ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ ഗുബൈരിയില്‍ ആക്രമണം നടത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഹ്രസ്വ പ്രസ്താവനയില്‍ വ്യക്തമാക്കി.
മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡറെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സുമായി ഏകോപിച്ച്, ബെയ്‌റൂത്തിലെ ഹിസ്ബുല്ലയുടെ റദ്വാന്‍ ഫോഴ്സിന്റെ കമാന്‍ഡറെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്താന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയതായി, ആക്രമണത്തിന് ശേഷം നെതന്യാഹു തന്റെ എക്‌സ് പേജില്‍ എഴുതി. ഇസ്രായില്‍ കുടിയേറ്റ കോളനികള്‍ക്കു നേരെ ഷെല്ലാക്രമണം നടത്തുന്നതിലും ഐ.ഡി.എഫ് സൈനികരെ ദ്രോഹിക്കുന്നതിലും റദ്വാന്‍ ഫോഴസ് ഭീകരര്‍ ഉത്തരവാദികളാണ്. ആരും നിയമത്തിന് അതീതരല്ല. ഇസ്രായിലിന്റെ നീണ്ട കരങ്ങള്‍ എല്ലാ ശത്രുവിലേക്കും കൊലപാതകിയിലേക്കും എത്തും. വടക്കന്‍ ഇസ്രായില്‍ നിവാസികള്‍ക്ക് സുരക്ഷ നല്‍കാനുള്ള പ്രതിബദ്ധത നെതന്യാഹു വ്യക്തമാക്കി.
അതേസമയം, മാര്‍ച്ച് 2 മുതല്‍ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 2,715 ആയി ഉയര്‍ന്നതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 8,353 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഹെല്‍ത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ പ്രസ്താവനയില്‍ അറിയിച്ചു.



