ഗാസ – വിദേശങ്ങളില്‍ തങ്ങളുടെ ചില നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായില്‍ പുതിയ വധശ്രമങ്ങള്‍ നടത്തിയേക്കുമെന്ന ആശങ്കകള്‍ ഹമാസിനുള്ളില്‍ ശക്തമാകുന്നു. പ്രമുഖ ഹിസ്ബുല്ല നേതാവായ ഹൈതം തബ്തബായിയുടെ കൊലപാതകത്തിന് ശേഷം, ഹമാസ് നേതാക്കളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളെ കുറിച്ച് ആശങ്കകള്‍ വര്‍ധിച്ചുവരികയാണ്. ഒരു അറബ് ഇതര രാജ്യത്ത് പ്രസ്ഥാനത്തിന്റെ നേതാക്കളെ ലക്ഷ്യം വെച്ച് ആക്രമണമുണ്ടാകുമെന്ന് സൂചിപ്പിക്കുന്നതായി ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു.
വ്യക്തിഗത സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും വധശ്രമങ്ങള്‍ തടയാനും അവയുടെ ആഘാതം കുറക്കാനുമുള്ള മുന്‍കരുതല്‍ നടപടികളെ കുറിച്ചും പ്രതിപാദിക്കുന്ന ആന്തരിക മെമ്മോ വിദേശത്തുള്ള ഹമാസ് നേതാക്കള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഒരേ സ്ഥലത്ത് സ്ഥിരമായി മീറ്റിംഗുകള്‍ ചേരുന്ന രീതി റദ്ദാക്കണമെന്നും വ്യത്യസ്ത സ്ഥലങ്ങളില്‍ മീറ്റിംഗുകള്‍ ക്രമരഹിതമായി നടത്തണമെന്നും മെമ്മോ ആവശ്യപ്പെട്ടു. മീറ്റിംഗ് ഏരിയയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പൂര്‍ണമായും നീക്കം ചെയ്യാനും മൊബൈല്‍ ഫോണുകളില്‍ നിന്ന് കുറഞ്ഞത് 70 മീറ്റര്‍ അകലം പാലിക്കാനും നേതാക്കളോട് ഹമാസ് ആവശ്യപ്പെട്ടു. വാച്ചുകള്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും മീറ്റിംഗ് റൂമുകളിലേക്ക് പ്രവേശിക്കരുതെന്നും നിര്‍ദേശങ്ങള്‍ ആവശ്യപ്പെടുന്നു.



