ബഗ്ദാദ് – ഇറാനെതിരായ യുദ്ധത്തിന് ഉപയോഗിക്കാന്‍ ഇറാഖി മരുഭൂമിയില്‍ ഇസ്രായില്‍ രഹസ്യമായി സ്ഥാപിച്ച സൈനിക താവളം കണ്ടെത്തിയ ഇടയന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അപ്രതീക്ഷിതമായി ഇസ്രായിലി സൈനിക താവളം കണ്ടെത്തി ദിവസങ്ങള്‍ക്കു ശേഷമാണ് ഇറാഖി ഇടയന്‍ അവാദ് അല്‍ശമ്മരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരുഭൂപ്രദേശത്ത് കത്തിക്കരിഞ്ഞ സ്വന്തം വാഹനത്തിനടുത്താണ് അവാദ് അല്‍ശമ്മരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ഇസ്രായിലി ചാരസംഘടനയായ മൊസാദാണെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലെ ഇറാഖി അക്കൗണ്ടുകള്‍ ആരോപിച്ചു. റിപ്പോര്‍ട്ടിന്റെ ആധികാരികത സംബന്ധിച്ച് ഇറാഖി അധികൃതര്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.
ഇറാഖി മരുഭൂമിയിലെ ഇസ്രായില്‍ സൈനിക താവളത്തെ കുറിച്ച് അമേരിക്കക്ക് അറിയാമായിരുന്നുവെന്നും ഇറാഖി അധികൃതര്‍ക്ക് ഇതേ കുറിച്ച് അറിയില്ലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണങ്ങള്‍ക്കുള്ള കേന്ദ്രമായി ഉപയോഗിക്കാനും ഇസ്രായിലി വിമാനങ്ങള്‍ വെടിയേറ്റ് നിലംപതിക്കുന്ന പക്ഷം പൈലറ്റുമാരെ രക്ഷിക്കാന്‍ പ്രത്യേക സേനയെയും രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും പിന്തുണക്കാനും വേണ്ടി, ഇറാനെതിരായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രായില്‍ ഈ താവളം സ്ഥാപിച്ചതായി പ്രചരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രദേശത്ത് അസാധാരണമായ ഹെലികോപ്റ്റര്‍ പ്രവര്‍ത്തനം ഇടയന്റെ ശ്രദ്ധയില്‍ പെടുകയും ഇറാഖി സേനയെ അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഇറാഖ് ഭൂപ്രദേശത്തിനുള്ളിലെ വൈദേശിക സൈനിക പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ ഇറാഖ് സൈന്യം പ്രത്യേക സംഘത്തെ അയച്ചു. എന്നാല്‍ ഇറാഖി സേനക്ക് നേരെ വ്യോമാക്രമണമുണ്ടായി. ഇതില്‍ ഒരു ഇറാഖി സൈനികന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായിലും ഇറാനും തമ്മിലുള്ള സമീപകാല യുദ്ധത്തില്‍ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന രഹസ്യ കേന്ദ്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മൂലമുണ്ടായ വിവാദത്തെ തുടര്‍ന്ന് നജഫിലും കര്‍ബല മരുഭൂമിയിലും ഇറാഖി സേന വലിയ തോതിലുള്ള സുരക്ഷാ ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു.



