ബെയ്‌റൂത്ത് – കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുല്ലയെയും അതിന്റെ ഫലസ്തീന്‍ സഖ്യകക്ഷിയായ ഹമാസിനെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. ബെക്ക താഴ്വരയിലുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ തങ്ങളുടെ സൈനിക കമാന്‍ഡര്‍മാരില്‍ ഒരാളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹിസ്ബുല്ല വൃത്തങ്ങള്‍ എ.എഫ്.പിയോട് പറഞ്ഞു. ഇസ്രായില്‍ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസ്സന്‍ നസ്‌റല്ലയുടെ സഹായിയായിരുന്ന മുന്‍ എം.പി മുഹമ്മദ് യാഗിയുടെ മകനാണ് കൊല്ലപ്പെട്ട ഹിസ്ബുല്ല ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഒരു വര്‍ഷത്തിലേറെ നീണ്ട പോരാട്ടത്തിന് ശേഷം 2024 നവംബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചിട്ടും ലെബനോനില്‍ ഇസ്രായില്‍ പതിവായി വ്യോമാക്രമണങ്ങള്‍ തുടരുന്നു. ഹിസ്ബുല്ലയെ ലക്ഷ്യമിടുന്നതായി ഇസ്രായില്‍ സാധാരണയായി പറയാറുണ്ട്. പക്ഷേ ചിലപ്പോള്‍ ഹമാസിനെയും ലക്ഷ്യമിടുന്നു.
ബെക്കാ താഴ്വരയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 25 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ഔദ്യോഗിക ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബാല്‍ബെക്ക് മേഖലയിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. ലെബനോനിലെ ഏറ്റവും വലിയ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പായ ഐന്‍ അല്‍ഹില്‍വയില്‍ ഇസ്രായില്‍ വ്യോമാക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ബെക്കാ താഴ്‌വരയില്‍ ആക്രമണങ്ങളുണ്ടായതെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസ് ആസ്ഥാനം ലക്ഷ്യമിട്ടാണ് ഐന്‍ അല്‍ഹില്‍വയില്‍ ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു.
തെക്കന്‍ ലെബനോന്‍ തലസ്ഥാനമായ സിഡോണിനോട് ചേര്‍ന്നുള്ള അഭയാര്‍ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രായിലി ഡ്രോണ്‍ ആണ് ആക്രമണം നടത്തിയതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ക്യാമ്പിലെ ഹമാസ് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ആസ്ഥാനമാണ് ആക്രമിച്ചതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. ലെബനോനില്‍ ഹമാസ് ശക്തിപ്രാപിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുമെന്നും ഹമാസ് ഭീകരര്‍ എവിടെ പ്രവര്‍ത്തിക്കുന്നോ അവിടെയെല്ലാം അവര്‍ക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും സൈന്യം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഐന്‍ അല്‍ഹില്‍വ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആക്രമണത്തെ അപലപിച്ച ഹമാസ് ആക്രമണത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ ആളപായമുണ്ടായതായി പറഞ്ഞു. ഇസ്രായില്‍ സൈന്യത്തിന്റെ അവകാശവാദങ്ങള്‍ ഹമാസ് തള്ളിക്കളഞ്ഞു. അവ ദുര്‍ബലമായ ന്യായീകരണങ്ങളാണെന്നും, ക്യാമ്പിലെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിന്റെ ചുമതലയുള്ള സംയുക്ത സുരക്ഷാ സേനയുടെ ആസ്ഥാനത്താണ് ആക്രമണമുണ്ടായതെന്നും ഹമാസ് പറഞ്ഞു.
ഇസ്രായിലുമായുള്ള യുദ്ധത്തിലൂടെ ദുര്‍ബലമായ ഹിസ്ബുല്ലയെ നിരായുധീകരിക്കുമെന്ന് ലെബനീസ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രതിജ്ഞയെടുത്തിരുന്നു. ഇസ്രായിലുമായുള്ള യുദ്ധത്തില്‍ ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസ്സന്‍ നസ്‌റല്ലയും സൈനിക കമാന്‍ഡര്‍ ഫുവാദ് ശുകറും ആയിരക്കണക്കിന് പോരാളികളും കൊല്ലപ്പെട്ടു. ഹിസ്ബുല്ല നിരായുധീകരണ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതായി ലെബനീസ് സൈന്യം കഴിഞ്ഞ മാസം പ്രഖ്യാപിച്ചു. ഇസ്രായില്‍ അതിര്‍ത്തിക്കടുത്തുള്ള ലിതാനി നദി വരെയുള്ള പ്രദേശം ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഹിസ്ബുല്ല വീണ്ടും ആയുധ ശക്തി സംഭരിക്കുന്നതായി ആരോപിക്കുന്ന ഇസ്രായില്‍, ഹിസ്ബുല്ല നിരായുധീകരണ കാര്യത്തില്‍ ലെബനീസ് സൈന്യത്തിന്റെ പുരോഗതി അപര്യാപ്തമാണെന്ന് വിമര്‍ശിക്കുന്നു. ലെബനീസ് സൈന്യത്തിന്റെ ഹിസ്ബുല്ല നിരായുധീകരണ പദ്ധതി അഞ്ച് ഘട്ടങ്ങള്‍ അടങ്ങിയതാണ്. രണ്ടാം ഘട്ടത്തില്‍ ലിതാനി നദിയുടെ വടക്ക് മുതല്‍ ബെയ്‌റൂത്തില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന സിഡോണിന് വടക്ക് സമുദ്രത്തില്‍ പതിക്കുന്ന അവലി നദി വരെയുള്ള പ്രദേശം ഉള്‍പ്പെടുന്നു.



