ബെയ്‌റൂത്ത് – മാര്‍ച്ച് 2 മുതല്‍ വെള്ളിയാഴ്ച വരെ ലെബനോനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 1,021 ആയി ഉയര്‍ന്നതായും 2,641 പേര്‍ക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ 118 കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ 370 പേര്‍ കുട്ടികളാണ്. ഇസ്രായിലി വ്യോമാക്രമണത്തിന്റെ ഫലമായി വെള്ളിയാഴ്ച മാത്രം 20 പേര്‍ കൊല്ലപ്പെടുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 2 ന് പുലര്‍ച്ചെ മുതല്‍ ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍, തെക്കന്‍ ലെബനോനിലെ ഏതാനും പ്രദേശങ്ങള്‍, രാജ്യത്തിന്റെ കിഴക്കുള്ള ബെക്കാ താഴ്വര എന്നിവ ലക്ഷ്യമിട്ട് ഇസ്രായിലി യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ നടത്തിവരികയാണ്. മൗണ്ട് ലെബനോനിലെയും വടക്കന്‍ ലെബനോനിലെയും പ്രദേശങ്ങളിലേക്കും വ്യോമാക്രമണം വ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ ലെബനോനിലെ ആറ് അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇസ്രായിലി സൈന്യത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ഏകദേശം മൂന്ന് ആഴ്ചയായി ഹിസ്ബുല്ലക്കെതിരെ തുടരുന്ന സൈനിക നടപടികളുടെ ഭാഗമായി ഇസ്രായില്‍ സൈന്യം തെക്കന്‍ ലെബനോനിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ മുന്നേറാന്‍ ശ്രമിക്കുന്നു. ഐതറൂണ്‍, മര്‍കബ, ഐത അല്‍ശഅബ് എന്നിവയുള്‍പ്പെടെ ആറ് ഗ്രാമങ്ങളിലെ ഇസ്രായിലി സൈനികരുടെ ഒത്തുചേരലുകളെയും തൈബ ഗ്രാമത്തില്‍ മെര്‍ക്കവ ടാങ്കിനെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിതായി ഹിസ്ബുല്ല പറഞ്ഞു. ഉത്തര ഇസ്രായിലിലെ ബിരാനിറ്റിലുള്ള ഇസ്രായിലി സൈനിക താവളത്തില്‍ റോക്കറ്റ്, മോര്‍ട്ടാര്‍ ആക്രമണം നടത്തിയതായും ഹിസ്ബുല്ല അറിയിച്ചു.
മാര്‍ച്ച് 2 ന് ഹിസ്ബുല്ലയുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ലെബനോനിലെ 2,000 ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍ സൈന്യം വെള്ളിയാഴ്ച വ്യക്തമാക്കി. വിപുലമായ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി, ഹിസ്ബുല്ലക്കെതിരെ തങ്ങളുടെ സൈന്യം ദക്ഷിണ ലെബനോനില്‍ പ്രത്യേകം ലക്ഷ്യമിട്ടുള്ള കരയാക്രമണം തുടരുകയാണെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. 120 കമാന്‍ഡ് സെന്ററുകള്‍, 110 ലധികം ആയുധ ഡിപ്പോകള്‍, 130 ലധികം റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ ഇതുവരെ ഹിസ്ബുല്ലയുടെ 2,000 ത്തിലധികം ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി ചൂണ്ടികാട്ടി. റദ്വാന്‍ ഫോഴ്സിലെ 220 പോരാളികള്‍, ഏകദേശം 150 ഭൗമ-ഭൗമ മിസൈല്‍ ഓപ്പറേറ്റര്‍മാര്‍, വിവിധ റാങ്കുകളിലുള്ള 30 ലേറെ കമാന്‍ഡര്‍മാര്‍ എന്നിവരുള്‍പ്പെടെ 570 ലധികം ഹിസ്ബുല്ല അംഗങ്ങളെ സൈന്യം കൊലപ്പെടുത്തി. ഹിസ്ബുല്ലക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ഇസ്രായിലി സിവിലിയന്മാര്‍ക്ക് ദോഷം വരുത്താന്‍ അനുവദിക്കില്ലെന്നും സൈന്യം പറഞ്ഞു.
ഫെബ്രുവരി 28 ന് ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണത്തെ തുടര്‍ന്ന്, മിഡില്‍ ഈസ്റ്റില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാല്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ലെബനോനിലെ സംഭവവികാസങ്ങള്‍. ഇറാനെതിരായ ആദ്യ ആക്രമണങ്ങളില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയെ കൊലപ്പെടുത്തിയതിന് പ്രതികാരം തേടുകയാണെന്ന് പ്രഖ്യാപിച്ച്, മാര്‍ച്ച് 2 ന് ഇറാന്റെ പിന്തുണയോടെ ലെബനീസ് ഹിസ്ബുല്ല ഗ്രൂപ്പ് ഇസ്രായിലിന് നേരെ മിസൈലുകള്‍ വിക്ഷേപിച്ചു. ഇതേതുടര്‍ന്നാണ് ലെബനോന്‍ അതിര്‍ത്തിയില്‍ തീവ്രമായ ഇസ്രായിലി വ്യോമാക്രമണങ്ങളും കര കടന്നുകയറ്റങ്ങളും നടന്നത്.



