തെല്‍അവീവ് – മധ്യ ഇസ്രായിലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. മിസൈലില്‍ ക്ലസ്റ്റര്‍ വാര്‍ഹെഡ് ഉണ്ടായിരുന്നുവെന്നും, അതിന്റെ ഫലമായി മധ്യ ഇസ്രായിലിലെ വിശാലമായ പ്രദേശത്ത് ക്ലസ്റ്റര്‍ ബോംബുകള്‍ ചിതറിതത്തെറിച്ചതായും ഇസ്രായില്‍ സൈന്യം പറഞ്ഞു. മധ്യ ഇസ്രായിലിലെ ബ്‌നെയ് ബ്രാക്ക് പ്രദേശത്ത് മിസൈല്‍ ആക്രമണങ്ങള്‍ നടന്ന സ്ഥലങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകരും ആംബുലന്‍സ് സംഘങ്ങളും കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ബ്‌നെയ് ബ്രാക്ക്, പെറ്റാ ടിക്വ, റമത് ഗാന്‍, റോഷ് ഹായ്ന്‍ എന്നിവിടങ്ങളിലെ പത്തിലധികം സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തകരും ആംബുലന്‍സ് സംഘങ്ങളും തിരച്ചില്‍ നടത്തിയതായി യെദിയോത്ത് അഹ്‌റോനോത്ത് റിപ്പോര്‍ട്ട് ചെയ്തു.
ബ്‌നെയ് ബ്രാക്കിലെ കെട്ടിടത്തിനു നേരെ രണ്ടാം തവണയാണ് ഇറാന്‍ ആക്രമണമുണ്ടാകുന്നത്. മധ്യ ഇസ്രായിലിലുടനീളം ഏഴ് സ്ഥലങ്ങളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് വസ്തുക്കള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും വാഹനങ്ങള്‍ക്ക് തീപിടിച്ചതായും ഇസ്രായിലി മാധ്യമങ്ങള്‍ വ്യക്തമാക്കി. തെല്‍അവീവിന് കിഴക്കുള്ള ബ്‌നെയ് ബ്രാക്കില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ചതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും പ്രദേശം സുരക്ഷിതമാക്കാനും എമര്‍ജന്‍സി സംഘങ്ങള്‍ ശ്രമം തുടരുകയാണ്.



