ബെയ്‌റൂത്ത് – വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചിട്ടും തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളില്‍ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെടുകയും മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ബുര്‍ജ് ഖലാവിയ ഗ്രാമത്തില്‍ വീടിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഒരു കുടുംബം മുഴുവന്‍ കൊല്ലപ്പെട്ടു. ലെബനോനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രായിലും ഹിസ്ബുല്ലയും പരസ്പരം ആരോപിച്ചു. പുതിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇരുപക്ഷവും ഏറ്റെടുത്തു. തെക്കന്‍ ലെബനോനിലെ പ്രദേശങ്ങള്‍ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പുകള്‍ക്ക് ശേഷമാണ് ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയത്. ആക്രമണങ്ങളെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ നിന്ന് വലിയൊരു വിഭാഗം താമസക്കാര്‍ പലായനം ചെയ്തു. തങ്ങളുടെ ഒരു സൈനികന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായയും ഒരു ഓഫീസര്‍ക്കും മറ്റ് അഞ്ച് സൈനികര്‍ക്കും പരിക്കേറ്റതായും ഇസ്രായില്‍ സൈന്യം അറിയിച്ചു.
ഹിസ്ബുല്ലയുടെ ലംഘനങ്ങള്‍ വെടിനിര്‍ത്തലിനെ ദുര്‍ബലപ്പെടുത്തുകയാണെന്നും സുരക്ഷ പുനഃസ്ഥാപിക്കാന്‍ ആവശ്യമായതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നും പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ലെബനോനില്‍ വിന്യസിച്ചിരിക്കുന്ന ഇസ്രായില്‍ സൈനികരെ ലക്ഷ്യം വെക്കുന്നതും വടക്കന്‍ ഇസ്രായിലില്‍ ഷെല്ലാക്രമണം നടത്തുന്നതും തുടരുമെന്ന് ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല പ്രസ്താവനയില്‍ വ്യക്തമാക്കി. ആദ്യ ദിവസം മുതല്‍ ഇസ്രായില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനുള്ള മറുപടിയാണിതെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു.
ഫെബ്രുവരി 28 ന് ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണത്തിന്റെ തുടക്കത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഹിസ്ബുല്ല ഇസ്രായിലിനെതിരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന്, മാര്‍ച്ച് 2 ന് മിഡില്‍ ഈസ്റ്റിലെ യുദ്ധം ലെബനോനിലേക്കും വ്യാപിച്ചു. തെക്കന്‍ ലെബനോനില്‍ വ്യോമാക്രമണങ്ങളും കരയാക്രമണവും നടത്തിയാണ് ഇസ്രായില്‍ തിരിച്ചടിച്ചത്.
വാഷിംഗ്ടണില്‍ ഇസ്രായിലി, ലെബനീസ് അംബാസഡര്‍മാരുടെ ചര്‍ച്ചകളെ തുടര്‍ന്ന് ഏപ്രില്‍ 17 ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. പത്ത് ദിവസം നീണ്ടുനില്‍ക്കുമെന്ന് ആദ്യം നിശ്ചയിച്ചിരുന്ന വെടിനിര്‍ത്തല്‍, വൈറ്റ് ഹൗസില്‍ നടന്ന രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം ഏപ്രില്‍ 23 ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മൂന്നാഴ്ചത്തേക്ക് കൂടി നീട്ടുന്നതായി പ്രഖ്യാപിച്ചു. ആസൂത്രിതവും ആസന്നവും തുടരുന്നതുമായ ആക്രമണങ്ങള്‍ക്കെതിരെ ഏത് സമയത്തും സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഇസ്രായില്‍ നിലനിര്‍ത്തുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിദ്ധീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ വ്യക്തമാക്കുന്നു. ലെബനോന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മാര്‍ച്ച് 2 മുതല്‍ ഇസ്രായിലി ആക്രമണങ്ങളില്‍ ലെബനോനില്‍ 2,509 പേര്‍ കൊല്ലപ്പെടുകയും 7,755 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.



