ബെയ്‌റൂത്ത് – തെക്കന്‍ ലെബനോനിലെ ടയര്‍ ജില്ലയിലെ മൂന്ന് പ്രദേശങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒരു പാരാമെഡിക്കല്‍ ജീവനക്കാരനും ഒരു സിറിയന്‍ പൗരനും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളില്‍ മറ്റൊരു പാരാമെഡിക്കല്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. ആക്രമണങ്ങള്‍ മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ സംരക്ഷണം ഉറപ്പുനല്‍കുന്ന അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് മന്ത്രാലയം പറഞ്ഞു.
ഹിസ്ബുല്ലയും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഏപ്രില്‍ 17 മുതല്‍ നിലവില്‍ വന്നിട്ടണ്ടെങ്കിലും ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ ലെബനോനില്‍ 24 മണിക്കൂറില്‍ ശരാശരി 11 കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് യൂണിസെഫ് വ്യക്തമാക്കി. ഏപ്രിലില്‍ 17 ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം 55 കുട്ടികള്‍ കൊല്ലപ്പെടുകയും 212 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ അമ്പരപ്പിക്കുന്നതാണെന്ന് യൂണിസെഫ് വക്താവ് റിക്കാര്‍ഡോ പൈറസ് വിശേഷിപ്പിച്ചു.
വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഇസ്രായില്‍ രാജ്യത്തുടനീളം ആക്രമണം വ്യാപിപ്പിച്ചു. ലെബനോനിലെ പുതിയൊരു പ്രദേശം യുദ്ധ മേഖലയായി ഇസ്രായില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും തെക്കന്‍ ലെബനോനിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇസ്രായില്‍ കനത്ത ആക്രമണങ്ങള്‍ നടത്തി. ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഒരു കെട്ടിടത്തില്‍ ഇസ്രായിലി ആക്രമണം ഉണ്ടായി. തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ സൈനികരും ഹിസ്ബുല്ലയും തമ്മിലുള്ള പോരാട്ടം തടയുന്നതില്‍ വെടിനിര്‍ത്തല്‍ പരാജയപ്പെട്ടു.
ലെബനോനിലെ ബ്ലൂ ലൈന്‍ ഹിസ്ബുല്ലക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ഇസ്രായില്‍ സൈന്യത്തിന്റെ കഴിവിനെ നിയന്ത്രിക്കുന്നില്ലെന്ന് ഇസ്രായില്‍ ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ പറഞ്ഞു. ഹിസ്ബുല്ലക്കെതിരായ ഓരോ ആക്രമണവും ഇറാനും അതിന്റെ നിക്ഷേപങ്ങള്‍ക്കും എതിരായ ആക്രമണമാണ്. ഏത് സംഭവവികാസങ്ങള്‍ക്കും ഞങ്ങള്‍ തയ്യാറാണ്. ഇറാനെ നേരിടാന്‍ പൂര്‍ണ്ണമായും തയ്യാറാണ്. ഡ്രോണുകള്‍ ഉയര്‍ത്തുന്ന ഭീഷണി ഒരു വെല്ലുവിളിയാണ്. പക്ഷേ ഞങ്ങള്‍ അതിനെ മറികടക്കുമെന്ന് ഇയാല്‍ സാമിര്‍ കൂട്ടിചേർത്തു.



