ഗാസ: വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ തെക്കൻ ഗാസയിൽ സൈനികരുടെ എണ്ണം കുറക്കുകയാണെന്ന് ഇസ്രായിൽ. തെക്കൻ ഗാസയിൽ ഒരു ബ്രിഗേഡിനെ മാത്രമാണ് നിലനിർത്തുകയെന്നും ഇസ്രായിൽ അറിയിച്ചു.
“ഇത് യുദ്ധത്തിന്റെ മറ്റൊരു ഘട്ടമാണെന്ന് ഇസ്രായിൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് ലഫ്റ്റനന്റ് കേണൽ പീറ്റർ ലെർനർ ബിബിസിയോട് പറഞ്ഞു.
യുദ്ധം അതിന്റെ അവസാനത്തിലേക്ക് അടുക്കുന്നു എന്നതിന്റെ സൂചനയേക്കാൾ, പിൻവലിക്കൽ തന്ത്രപരമായി വ്യാഖ്യാനിക്കപ്പെടുന്നുവെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് കനത്ത അന്താരാഷ്ട്ര സമർദ്ദമാണ് നിലവിൽ ഇസ്രായിലിന് മേലുള്ളത്. അതിനിടെ, പുതിയ വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കാനായി കെയ്‌റോയിലേക്ക് പ്രതിനിധികളെ അയച്ചതായി ഇസ്രായിലും ഹമാസും അറിയിച്ചു. അതേസമയം, ഇസ്രായിലിന്റെ ഉയർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല.
ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 33,000-ലധികം ഗാസക്കാർ കൊല്ലപ്പെട്ടുവെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം പറയുന്നു, അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ഗാസ പട്ടിണിയുടെ വക്കിലാണ്.
അതിനിടെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രായേലി പ്രതിഷേധക്കാർ ടെൽ അവീവിൽ റാലി നടത്തി.