ദമസ്‌കസ്: സിറിയന്‍ തലസ്ഥാന നഗരമായ ദമസ്‌കസില്‍ 1962ലാണ് പുതിയ മേച്ചില്‍പ്പുറം തേടി കമാല്‍ അമിന്‍ സാബിത് എന്ന ബിസിനസുകാരന്‍ വന്നിറങ്ങുന്നത്. ആഡംബര പാര്‍ട്ടികള്‍ സംഘടിപ്പിച്ചും ധാരാളിത്തം കവിഞ്ഞൊഴുകുന്ന വിരുന്നുകളൊരുക്കിയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ കമാല്‍ അമിന്‍ സാബിത് സിറിയയിലെ ഏറ്റവും പ്രബലരും ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിച്ച് പ്രമുഖരുടെ പട്ടികയില്‍ ഇടം നേടി. മൂന്നു വര്‍ഷങ്ങള്‍ക്കും ശേഷം സിറിയ കമാല്‍ അമീനെ ദമസ്‌കസ് നഗരമധ്യത്തിലെ മര്‍ജെ ചത്വരത്തില്‍വച്ച് പരസ്യമായി തൂക്കി കൊന്നതോടെ കഥ ആകെ മാറി. കമാന്‍ അമീന്‍ സാബിത് എന്ന ബിസിനസുകാരന്റെ വേഷത്തിലെത്തിയത് ഇസ്രായിലി ചാരസംഘടനയായ മൊസാദിന്റെ ഏറ്റവും ഉന്നത ചാരന്‍മാരില്‍ ഒരാളായ എലി കോഹന്‍ ആയിരുന്നു. കോഹന്റെ കഥ ത്രില്ലര്‍ സിനിമകളിലൂടെയും മറ്റും ഏറെ പ്രശസ്തമാണ്.
ഈ കഥയില്‍ പുതിയൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണിപ്പോള്‍. സിറിയയില്‍ ബശാറുല്‍ അസദിന്റെ ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് ആട്ടിയോടിച്ച് പുതിയ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നതോടെ എലി കോഹന്റെ മൃതദേഹ ശേഷിപ്പുകള്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രായില്‍. ഇതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായാണ് റിപോര്‍ട്ടുകള്‍. 1967ല്‍ നടന്ന ആറു ദിവസം നീണ്ട യുദ്ധത്തില്‍ ഇസ്രായിലിന് വിജയം നേടിക്കൊടുത്തത് കോഹന്‍ ചാരവൃത്തിയിലൂടെ സിറയയിലെ സൈനിക, ഭരണ കേന്ദ്രങ്ങളില്‍ നിന്ന് ചോര്‍ത്തിക്കൊടുത്ത രഹസ്യങ്ങളുടെ പിന്‍ബലത്തിലായിരുന്നു. ഇസ്രായിലില്‍ ഹീറോ ആയ ഇതിഹാസ ചാരനാണ് എലി കോഹന്‍. 2019ല്‍ പുറത്തിറങ്ങിയ ദ സ്‌പൈ എന്ന ഹോളിവുഡ് ചിത്രം കോഹന്റെ ത്രില്ലടിപ്പിക്കുന്ന കഥയാണ്.
പലതവണ ശ്രമിച്ചെങ്കിലും കോഹന്റെ ഭൗതികശരീരം സിറിയ ഇസ്രായിലിനു തിരികെ നല്‍കിയില്ല. എന്നു മാത്രമല്ല, ഭൗതികശരീരം മറവു ചെയ്ത സ്ഥലം എവിടെയാണെന്ന വിവരം പുറത്തു വിട്ടിട്ടുമില്ല. ഇസ്രായില്‍ ഇതു കണ്ടെത്താതിരിക്കാന്‍ സിറിയന്‍ അധികൃതര്‍ പലതവണ കോഹനെ മാറ്റി മാറ്റി പലസ്ഥലങ്ങളില്‍ മറവ് ചെയ്തതായും പറയപ്പെടുന്നു.
ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയിലാണ് ഈജിപ്ഷ്യന്‍ ജൂത കുടുംബത്തില്‍ 1924ല്‍ എലി കോഹന്‍ ജനിക്കുന്നത്. 1948ല്‍ ഇസ്രായില്‍ രൂപീകരിച്ചതോടെ കോഹന്റെ കുടുംബം പുതിയ രാജ്യത്തേക്ക് കുടിയേറി. സയണിസ്റ്റ് ആക്റ്റിവിസ്റ്റായ എലി കോഹന്‍ 1957ലാണ് കുടിയേറുന്നത്. അതുവരെ ഈജിപ്ഷ്യന്‍ ജൂതരെ ഇസ്രായിലേക്ക് രഹസ്യമായി കടത്തുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളിലായിരിന്നുവെന്നാണ് ചരിത്രം.
ഇസ്രായിലിലെത്തി സൈനിക രഹസ്യാന്വേഷണ വിഭാഗത്തില്‍ സേവനം ചെയ്ത കോഹനെ 1960-61 കാലത്താണ് മൊസാദ് റിക്രൂട്ട് ചെയ്യുന്നത്. അറബി, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളില്‍ നിപുണനായ കോഹനെ മൊസാദ് മികച്ച ചാരനായാണ് കണ്ടത്. മൊസാദ് പടച്ചുണ്ടാക്കിയ അതീവരഹസ്യ തിരക്കഥ പ്രകാരം എലി കോഹന്‍ അധികം വൈകാതെ, അര്‍ജന്റീനയിലേക്ക് കുടിയേറിയ ഒരു സിറിയന്‍ കുടുംബത്തിലെ അംഗമായ ബിസിനസുകാരന്‍ കമാല്‍ അമീന്‍ സാബിത് ആയി മാറി. കോഹന്‍ അര്‍ജന്റീനയുടെ തലസ്ഥാന നഗരമായ ബുവെനോസ് ഐറെസിലേക്കു കുടിയേറി. അവിടെ അദ്ദേഹം അറബ്, സിറിയന്‍ പ്രവാസി സമൂഹത്തില്‍ വേഗം ഇഴുകിച്ചേര്‍ന്നു അവരിലൊരാളായി മാറി. തന്റെ ചാര പദ്ധതിക്ക് സഹായകമാകും വിധത്തിലുള്ള വിശ്വാസ്യതയും സ്വീകാര്യതും ഇതുവഴി അദ്ദേഹം നേടിയെടുത്തു.
അങ്ങനെ 1962ല്‍ കോഹന്‍, സിറിയന്‍ ബിസിനസുകാരന്‍ കമാല്‍ അമീന്‍ സാബിദ് എന്ന തന്റെ പുതിയ രൂപത്തില്‍ ദമസ്‌കസിലെത്തി. സിറിയയിലെ രാഷ്ട്രീയ, സൈനിക ഉന്നതര്‍ വരെ പങ്കെടുക്കുന്ന പാര്‍ട്ടികളാണ് ഈ പുതിയ ബിസിനസുകാരന്‍ ഒരുക്കിയിരുന്നത്. ഇത്തരം പാര്‍ട്ടികളിലൂടെ ഉന്നതരുമായി ബന്ധം പുലര്‍ത്തിയാണ് പല സിറിയന്‍ രഹസ്യങ്ങളിലേക്കും കോഹന്‍ എത്തിച്ചേര്‍ന്നത്. ഗൊലാന്‍ കുന്നുകള്‍ പിടിച്ചെടുക്കാന്‍ ഇസ്രായിലിനെ സഹായിച്ചത് കോഹന്റെ ചാര പ്രവര്‍ത്തനത്തിലൂടെ ലഭിച്ച രഹസ്യങ്ങളായിരുന്നു.
എന്നാല്‍ സോവിയറ്റ് യൂനിയന്റെ സഹായത്തോടെ സിറിയന്‍ അധികൃതര്‍ ഇസ്രായിലേക്ക് സന്ദേശം പോകുന്ന ഒരു രഹസ്യ റേഡിയോയുടെ പ്രവര്‍ത്തനം തിരിച്ചറിഞ്ഞതോടെ കോഹന്റെ ചാര പ്രവര്‍ത്തനം പൊടുന്നനെ നിന്നു. 1965 ജനുവരി 24ന് സിറിയന്‍ അധികൃതര്‍ കോഹന്റെ വീട് റെയ്ഡ് ചെയ്ത്, ഈ രഹസ്യ റേഡിയോ കണ്ടെത്തുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചാരപ്രവര്‍ത്തന കുറ്റം ചുമത്തുകയും ചെയ്തു. മാപ്പു നല്‍കണമെന്ന് വിവിധ അന്താരാഷ്ട്ര കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നെങ്കിലും സിറിയ 1965 മേയ് 18ന് എലി കോഹനെ പരസ്യമായി തൂക്കിക്കൊന്നു.
ഇതിനു ശേഷം കോഹന്റെ ഭൗതികശരീരം എവിടെ മറവ് ചെയ്തു എന്നതിനെ കുറിച്ച് ലോകത്തിന് ഒരു അറിവുമില്ല. ഇസ്രായില്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും, തടവുകാരെ കൈമാറാമെന്ന വാഗ്ദാനം മുന്നോട്ടു വച്ചിട്ടും സിറിയ ഈ രഹസ്യം വെളിപ്പെടുത്തിയിട്ടില്ല. കോഹന്റെ മൃതദേഹം ഇസ്രായില്‍ രഹസ്യമായി തട്ടിയെടുക്കുന്നത് ഒഴിവാക്കാന്‍ പലതവണ കോഹന്റെ ഭൗതികശരീരം സ്ഥലങ്ങള്‍ മാറ്റി മറവ് ചെയ്തിട്ടുണ്ടെന്ന് സിറിയ സമ്മതിച്ചിരുന്നു. എങ്കിലും 2018ല്‍ ഇസ്രായിലിന് കോഹന്റെ വാച്ച് സിറിയയില്‍ നിന്ന് വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നു. സിറിയയിലെ പുതിയ അധികാരമാറ്റം ഇസ്രായില്‍ പുതിയ അവസരമായാണ് കാണുന്നത്. മൊസാദ് ഡയറക്ടര്‍ ഡേവിഡ് ബര്‍നിയ അടക്കമുള്ള ഉന്നത ഇസ്രായില്‍ ഉദ്യോഗസ്ഥരാണ് കോഹന്റെ ശേഷിപ്പുകള്‍ക്കായി മുന്‍ സിറിയന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി വരുന്നതെന്നാണ് റിപോര്‍ട്ട്. റഷ്യന്‍ മധ്യസ്ഥരാണ് ഈ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.