തെഹ്‌റാൻ: യുഎസ്-ഇസ്രായിൽ വ്യോമാക്രമണങ്ങളെത്തുടർന്ന് ഇറാന് ഏകദേശം 27,000 കോടി ഡോളറിന്റെ ഭീമമായ സാമ്പത്തിക നഷ്ടം നേരിട്ടതായി സർക്കാർ വക്താവ് ഫാത്തിമ മുഹാജറാനി അറിയിച്ചു. നിലവിൽ ലഭ്യമായ കണക്കുകൾ പ്രാഥമികമാണെന്നും കെട്ടിടങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും ഉണ്ടായ തകർച്ചകൾക്കൊപ്പം വ്യവസായങ്ങൾ തടസ്സപ്പെട്ടതുമൂലമുള്ള ആഘാതവും വിശദമായി പരിശോധിച്ചു വരികയാണെന്നും അവർ വ്യക്തമാക്കി. ബൂഷെഹർ ആണവനിലയത്തിന് നേരെയുള്ള ആക്രമണങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ഭീഷണിയെക്കുറിച്ച് ഇറാൻ ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്.
പ്ലാന്റിലെ ആണവ ഇന്ധനത്തിന്റെ സാന്നിധ്യം കാരണം അവിടെയുണ്ടാകുന്ന ഏതൊരു കേടുപാടും ഗൾഫ് മേഖലയിലാകെ പടരാവുന്ന ഗുരുതരമായ ആണവ വികിരണ ഭീഷണി ഉയർത്തുന്നുണ്ടെന്നും ഇത് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏപ്രിലിൽ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തെ റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അപലപിച്ചിരുന്നു.
അതേസമയം, ഇറാനെതിരായ യുഎസ് നാവിക ഉപരോധം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പ്രതിദിനം 43.5 കോടി ഡോളറിന്റെ നഷ്ടമാണ് ഉപരോധം മൂലം കണക്കാക്കപ്പെടുന്നത്. ഇതിൽ വലിയൊരു ഭാഗം ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ കയറ്റുമതിയിൽ നിന്നുള്ള വരുമാനമാണ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ആശ്രയിക്കുന്ന ഖാർഗ് ദ്വീപ് വഴിയുള്ള നീക്കങ്ങൾ തടസ്സപ്പെട്ടത് ഇറാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.



