റാമല്ല – വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നൂര്‍ ശംസ് അഭയാര്‍ഥി ക്യാമ്പിലെ 25 റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ഈ ആഴ്ച അവസാനം പൊളിക്കാന്‍ ഇസ്രായില്‍ സൈന്യം തീരുമാനിച്ചതായി തൂല്‍കറം ഗവര്‍ണര്‍ അബ്ദുല്ല കമീല്‍ വ്യക്തമാക്കി. കെട്ടിടങ്ങള്‍ പൊളിക്കാനുള്ള തീരുമാനം വെസ്റ്റ് ബാങ്കിലെ സിവിലിയന്‍ കാര്യങ്ങളുടെ ഉത്തരവാദിത്തമുള്ള ഇസ്രായിലി പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ഗവണ്‍മെന്റ് ആക്ടിവിറ്റീസ് ഇന്‍ ദി ടെറിട്ടറീസ് കോ-ഓര്‍ഡിനേഷന്‍ ഓഫീസ് തന്നെയും മറ്റ് പ്രാദേശിക ഉദ്യോഗസ്ഥരെയും അറിയിച്ചതായി തൂല്‍കറം ഗവര്‍ണര്‍ എ.എഫ്.പിയോട് പറഞ്ഞു.
പൊളിച്ചുമാറ്റല്‍ ഉത്തരവില്‍ ഏകദേശം 100 ഹൗസിംഗ് യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന 25 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതായി നഗരത്തിന്റെ മുനിസിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന തൂല്‍കറം അഭയാര്‍ഥി ക്യാമ്പിലെ പോപ്പുലര്‍ കമ്മിറ്റി തലവന്‍ ഫൈസല്‍ സലാമ പറഞ്ഞു. ഡിസംബര്‍ 18 വ്യാഴാഴ്ച ഇസ്രായില്‍ 25 കെട്ടിടങ്ങള്‍ പൊളിക്കുമെന്ന് സൈനിക, സിവിലിയന്‍ അധികൃതര്‍ ഞങ്ങളെ അറിയിച്ചു. ഇക്കാര്യം ഞങ്ങള്‍ ക്യാമ്പ് നിവാസികളെ അറിയിക്കുകയും ഇസ്രായില്‍ സൈന്യം പൊളിക്കാന്‍ തീരുമാനിച്ച വീടുകളുടെ ഉടമകളുമായി ബന്ധപ്പെടുകയും ചെയ്തതായി ഫൈസല്‍ സലാമ പറഞ്ഞു.
ഈ വര്‍ഷാരംഭത്തില്‍ തൂല്‍കറം, നൂര്‍ ശംസ്, ജെനീന്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെ വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാമ്പുകളിലെ ഫലസ്തീന്‍ സായുധ ഗ്രൂപ്പുകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ സൈന്യം വലിയ തോതിലുള്ള സൈനിക നടപടി ആരംഭിച്ചു. ഈ ഓപ്പറേഷന്‍ 30,000 ലേറെ വരുന്ന ഈ ക്യാമ്പുകളിലെ എല്ലാ താമസക്കാരെയും മാറ്റിപ്പാര്‍പ്പിക്കുന്നതിലേക്ക് നയിച്ചു. അവരില്‍ ഭൂരിഭാഗത്തിനും ഇതുവരെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
സൈനിക നടപടിക്കിടെ ഇസ്രായില്‍ സൈന്യം ഈ ക്യാമ്പുകളിലെ ഇടുങ്ങിയ ഇടവഴികളില്‍ സ്ഥിതി ചെയ്യുന്ന നൂറുകണക്കിന് കെട്ടിടങ്ങളും വീടുകളും തകര്‍ത്ത് അവക്കുള്ളില്‍ സൈന്യത്തിന്റെ ചലനം സുഗമമാക്കാന്‍ ശ്രമിച്ചു. ഇസ്രായില്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടതും 1948 ലെ യുദ്ധവും ആയിരക്കണക്കിന് ഫലസ്തീനികളുടെ കുടിയിറക്കത്തിന് കാരണമായി. തൂല്‍കറം ക്യാമ്പ് ഉള്‍പ്പെടെ വെസ്റ്റ് ബാങ്കിലും അയല്‍ അറബ് രാജ്യങ്ങളിലും അഭയാര്‍ഥി ക്യാമ്പുകള്‍ സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് അഭയാര്‍ഥികളുടെ താമസത്തിന് ടെന്റുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ കാലക്രമേണ അവ സ്ഥിരമായ വാസസ്ഥലങ്ങളായി മാറി. അവയില്‍ ഭൂരിഭാഗവും ഇഷ്ടികകൊണ്ടാണ് നിര്‍മ്മിച്ചത്. ജനസംഖ്യ വര്‍ധിച്ചുവരുന്നതിനിടെ കൂടുതല്‍ നിലകള്‍ നിര്‍മ്മിക്കേണ്ടി വന്നു.
തൂല്‍കറമിന്റെ പ്രാന്തപ്രദേശത്തുള്ള നൂര്‍ ശംസ് അഭയാര്‍ഥി ക്യാമ്പിലെ കുടിയിറക്കപ്പെട്ട താമസക്കാര്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാനുള്ള അവകാശം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം പ്രകടനം നടത്തി. പ്രകടനത്തിനിടെ ഇസ്രായില്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്ന ക്യാമ്പിനുള്ളില്‍ നിന്ന് വെടിവെപ്പുണ്ടായി. അല്‍ജസീറ ക്യാമറാമാന് കാലില്‍ വെടിയേറ്റു. ഇത് പ്രകടനക്കാരില്‍ പരിഭ്രാന്തി പരത്തി. 1967 ലെ അറബ്, ഇസ്രായില്‍ യുദ്ധത്തിലാണ് ഇസ്രായില്‍ വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്തിയത്.



