ബെയ്റൂത്ത് – ഹമാസ് നേതാവ് യഹ്‌യ അല്‍സിന്‍വാറിനെ കൊലപ്പെടുത്തിയതോടെ തങ്ങളുടെ അടുത്ത ലക്ഷ്യം യഹ്‌യ അല്‍സിന്‍വാറിന്റെ സഹോദരന്‍ മുഹമ്മദ് അല്‍സിന്‍വാറും ഹമാസിന്റെ മറ്റു സൈനിക നേതാക്കളുമാണെന്ന് ഇസ്രായിലി സൈന്യം അറിയിച്ചു. ഹമാസിനും ഹമാസിന്റെ പശ്ചാത്തല സൗകര്യങ്ങള്‍ക്കുമെതിരായ പോരാട്ടം ഇസ്രായില്‍ സൈന്യം തുടരുമെന്ന് സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. മുഹമ്മദ് അല്‍സിന്‍വാര്‍ നേരത്തെ ഹമാസിനു കീഴിലെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് ഖാന്‍ യൂനിസ് ബ്രിഗേഡ് കമാണ്ടര്‍ പദവി വഹിച്ചിരുന്നു. ഇസ്രായിലി സൈനികന്‍ ഗിലാദ് ഷാലിറ്റിനെ തട്ടിക്കൊണ്ടുപോയവരില്‍ ഒരാളായിരുന്നു മുഹമ്മദ് അല്‍സിന്‍വാര്‍.
ഗാസ തുരങ്കങ്ങളുടെ എന്‍ജിനീയറായാണ് മുഹമ്മദ് അല്‍സിന്‍വാര്‍ കണക്കാക്കപ്പെടുന്നത്. ഗാസയില്‍ ഭൂഗര്‍ഭ തുരങ്ക ശൃംഖല നിര്‍മിക്കാനുള്ള ഏറ്റവും വലിയ പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല വഹിച്ചത് ഇദ്ദേഹമായിരുന്നു. സഹോദരന്റെ പിന്‍ഗാമിയായി ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവനായി മുഹമ്മദ് അല്‍സിന്‍വാര്‍ തെരഞ്ഞെടുക്കപ്പെടാന്‍ ഏറെ സാധ്യത കല്‍പിക്കപ്പെടുന്നുണ്ട്.
യഹ്‌യ അല്‍സിന്‍വാറിന്റെ പിന്‍ഗാമിയാകാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന വേറെയും ഹമാസ് നേതാക്കളുണ്ട്. ഇക്കൂട്ടത്തില്‍ പ്രമുഖനാണ് ഖലീല്‍ അല്‍ഹയ്യ. ഗാസയില്‍ വെടിനിര്‍ത്തലിന് അന്താരാഷ്ട്ര മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഹമാസ് സംഘത്തിന് നേതൃത്വം നല്‍കുന്നത് ഖലീല്‍ അല്‍ഹയ്യ ആണ്. വിദേശങ്ങളിലെ ഹമാസിന്റെ സഖ്യകക്ഷികളുമായുള്ള ഔദ്യോഗി കൂടിക്കാഴ്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതും ഇദ്ദേഹമാണ്.
വിദേശത്തെ ഹമാസ് തലവനായി പ്രവര്‍ത്തിക്കുന്ന, മേഖലാ നേതാക്കളുമായി ശക്തമായ ബന്ധങ്ങളുള്ള ഖാലിദ് മിശ്അലും യഹ്‌യ അല്‍സിന്‍വാറിന്റെ പിന്‍ഗാമിയാകാന്‍ സാധ്യത കല്‍പിക്കപ്പെടുന്നു. 1996 മുതല്‍ 2017 വരെ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവനായും ഖാലിദ് മിശ്അല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1992 മുതല്‍ 1996 വരെ പ്രഥമ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവനായി പ്രവര്‍ത്തിച്ച മൂസ അബൂമര്‍സൂഖും പുതിയ ഹമാസ് നേതാവായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ട്. തെഹ്‌റാനില്‍ വെച്ച് കൊല്ലപ്പെട്ട മുന്‍ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയ്യയുമായി ഏറ്റവുമടുത്ത ബന്ധം കാത്തുസൂക്ഷിച്ച നേതാവാണ് മൂസ അബൂമര്‍സൂഖ്. ഹമാസിനകത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മൂസ അബൂമര്‍സൂഖിന് ആണ് ഹമാസിന്റെ അന്താരാഷ്ട്ര, വിദേശ ബന്ധങ്ങളുടെ ചുമതല.
വെസ്റ്റ് ബാങ്കിലെ ഹമാസ് നേതാവായ സാഹിര്‍ ജബാരീനും പുതിയ ഹമാസ് നേതാവായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതുള്ളവരുടെ പട്ടികയില്‍ പെടുന്നു. 2021 ല്‍ വെസ്റ്റ് ബാങ്കിലെ ഹമാസ് നേതാവ് സ്വാലിഹ് അല്‍ആറൂരിയുടെ ഡെപ്യൂട്ടിയായി സാഹിര്‍ ജബാരീനെ തെരഞ്ഞെടുത്തിരുന്നു. സ്വാലിഹ് അല്‍ആറൂരിയെ ബെയ്‌റൂത്തില്‍ വെച്ച് ഇസ്രായില്‍ വധിച്ചതോടെ വെസ്റ്റ് ബാങ്കില്‍ ഹമാസ് തലവന്റെ ചുമതലകള്‍ ജബാരീന്‍ ആണ് വഹിച്ചുവരുന്നത്.
ഹമാസ് ശൂറാ കൗണ്‍സില്‍ പ്രസിഡന്റും ഹമാസിനകത്തെ പ്രധാന നേതാക്കളില്‍ ഒരാളുമായ മുഹമ്മദ് ഇസ്മായില്‍ ദര്‍വീശിന്റെ പേരും പൊളിറ്റിക്കല്‍ ബ്യൂറോ തലവന്റെ സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. ഇറാനുമായി ശക്തമായ ബന്ധമുള്ള മുഹമ്മദ് ഇസ്മായില്‍ ദര്‍വീശിന്റെ പേര് തെഹ്‌റാനില്‍ വെച്ച് ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടതോടെ ഹമാസ് നേതൃസ്ഥാനത്തേക്ക് ശക്തമായി ഉയര്‍ന്നുവന്നിരുന്നു.