റോം– ഗസ്സയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ഇറ്റാലിയൻ പരിശീലകരുടെ അസോസിയേഷൻ (AIAC) ഫിഫയോടും, യുവേഫയോടും ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ ഇറ്റലി-ഇസ്രായേൽ ലോകകപ്പ് യോഗ്യതാ മത്സരം നടക്കാനിരിക്കെയാണ് ഈ ആവശ്യം ഉയർന്നത്.
ലോകകപ്പ് പോലുള്ള പ്രധാനപ്പെട്ട ഫുട്‌ബോൾ മത്സരങ്ങൾ സംഘടിപ്പിച്ച് ഫിഫ ആഗോള ഫുട്ബോളിനെ നിയന്ത്രിക്കുമ്പോൾ ചാമ്പ്യൻസ് ലീഗ്, യൂറോ തുടങ്ങിയ മത്സരങ്ങൾ കൈകാര്യം ചെയ്യുന്ന യൂറോപ്യൻ ഫുട്‌ബോളിൻ്റെ മേൽനോട്ടം യുവേഫയാണ് വഹിക്കുന്നത്. ഗസ്സയിലെ ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ യുദ്ധം മൗനമായി വീക്ഷിക്കുന്നതിനും ഇസ്രായേലിനെ വിലക്കാൻ വിസമ്മതിച്ചതിനും ഇരു സംഘടനകളും വിമർശനം നേരിടുന്നുണ്ട്.
2023 ഒക്ടോബർ മുതൽ 810-ലധികം ഫലസ്തീൻ അത്ലറ്റുകൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ വെളിപ്പെടുത്തി, ഇവരിൽ ഭൂരിഭാഗവും യുവ ഫുട്ബോൾ കളിക്കാരായിരുന്നു.
2022-ൽ യുക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ ടീമുകളെ വിലക്കിയ ഫിഫയും യുവേഫയും ഇസ്രായേലിന്റെ കാര്യത്തിൽ സമാന നിലപാട് സ്വീകരിക്കണമെന്ന് എഐഎസി (AIAC) ആവശ്യപ്പെട്ടു. “ഗസ്സയിലെ വംശഹത്യയും അത്ലറ്റുകളെ ലക്ഷ്യംവെക്കുന്നതും നിർത്തണം,”എഐഎസി (AIAC) പ്രസിഡന്റ് റെൻസോ ഉലിവിയേരി പറഞ്ഞു.