ജിദ്ദ – ഹമാസ് നേതാവ് യഹ്‌യ അല്‍സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി അറിയിച്ചു. റഫയിലെ തല്‍ അല്‍സുല്‍ത്താന്‍ ഏരിയയില്‍ യഹ്‌യ അല്‍സിന്‍വാറിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇസ്രായില്‍ സൈന്യം പുറത്തുവിട്ടു. കൈബോംബുകള്‍ അടങ്ങിയ കോട്ട് ധരിച്ച നിലയിലായിരുന്നു അല്‍സിന്‍വാര്‍ എന്ന് ഇസ്രായിലിലെ ചാനല്‍ 12 പറഞ്ഞു. യഹ്‌യ അല്‍സിന്‍വാര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇസ്രായിലി മന്ത്രിമാര്‍ക്ക് ലഭിച്ചതായി ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി പറഞ്ഞു.
അല്‍സിന്‍വാറിന്റെതെന്ന് സംശയിക്കുന്ന മൃതദേഹത്തില്‍ നടത്തിയ പ്രാഥമിക ഡി.എന്‍.എ പരിശോധനയുടെ ഫലം പോസിറ്റീവ് ആണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മൂന്നു തീവ്രവാദികളെ ഇസ്രായില്‍ സൈന്യം ഇന്ന് കൊലപ്പെടുത്തി. ഇതില്‍ ഒരാള്‍ അല്‍സിന്‍വാര്‍ ആണെന്നാണ് കരുതുന്നത്. കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പൂര്‍ണമായും ഉറപ്പിക്കാന്‍ കഴിയില്ലെന്നും ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. അല്‍സിന്‍വാര്‍ കൊല്ലപ്പെട്ട കെട്ടിടത്തിലും പ്രദേശത്തും ഹമാസ് ബന്ദികളായി പിടിച്ചവര്‍ ഉണ്ടെന്നുള്ളതിന് സൂചനകള്‍ ലഭിച്ചിട്ടില്ല. കടുത്ത ജാഗ്രതയില്‍ പ്രദേശത്ത് ഇസ്രായില്‍ സൈന്യവും ഇസ്രായില്‍ ആഭ്യന്തര സുരക്ഷാ സേനയായ ഷാബാക്കും (ഷിന്‍ ബെറ്റ്) ഫീല്‍ഡ് ഓപ്പറേഷന്‍ തുടരുകയാണെന്നും സൈന്യം പറഞ്ഞു.
ശത്രുക്കളെ ഇസ്രായില്‍ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യുആവ് ഗാലാന്റ് പറഞ്ഞു. ഇസ്മായില്‍ ഹനിയ്യയെ തഹ്‌റാനില്‍ വെച്ച് ഇസ്രായില്‍ കൊലപ്പെടുത്തിയതോടെയാണ് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ പ്രസിഡന്റ് ആയി യഹ്‌യ അല്‍സിന്‍വാര്‍ ചുമതലയേറ്റത്. അല്‍സിന്‍വാറിന്റെ മൃതദേഹത്തിന്റെത് എന്ന നിലക്കുള്ള ഫോട്ടോകള്‍ ഇസ്രായില്‍ മാധ്യമങ്ങളും സാമൂഹികമാധ്യങ്ങളും വ്യാപകമായി പങ്കുവെച്ചു.
അതിനിടെ, ഉത്തര ഗാസയിലെ ജബാലിയാ അഭയാര്‍ഥി ക്യാമ്പില്‍ അഭയാര്‍ഥികള്‍ കഴിയുന്ന സ്‌കൂള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ യുദ്ധവിമാനം ഇന്ന് നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 28 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു.എന്‍ റിലീഫ് ഏജന്‍സിക്കു കീഴിലെ അബൂഹുസൈന്‍ എലിമെന്ററി സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് ഫലസ്തീന്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.