ജിദ്ദ – യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് വിലക്കേര്‍പ്പെടുത്തി ഇസ്രായില്‍. ഇസ്രായിലിനെതിരെ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തെ വ്യക്തമായി അപലപിച്ചില്ല എന്ന് കുറ്റപ്പെടുത്തിയാണ് ഇസ്രായിലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഗുട്ടെറസിന് വിലക്കേര്‍പ്പെടുത്തിയതായി ഇസ്രായില്‍ വിദേശ മന്ത്രി ഇസ്രായില്‍ കാറ്റ്സ് അറിയിച്ചത്.
ഇറാനെ വിമര്‍ശിക്കാനുള്ള ഗുട്ടെറസിന്റെ കഴിവില്ലായ്മ അദ്ദേഹത്തെ ഇസ്രായിലില്‍ അനഭിമതനാക്കുന്നു. ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളും ചെയ്തതുപോലെ, ഇസ്രായിലിനെതിരായ ഇറാന്റെ ഹീനമായ ആക്രമണത്തെ നിശിതമായി അപലപിക്കാന്‍ കഴിയാത്ത ആര്‍ക്കും ഇസ്രായിലില്‍ കാലുകുത്താന്‍ അര്‍ഹതയില്ല. ഗുട്ടെറസിനൊപ്പമോ അല്ലാതെയോ ഇസ്രായില്‍ അതിന്റെ പൗരന്മാരെ സംരക്ഷിക്കുന്നത് തുടരുമെന്നും ഇസ്രായില്‍ വിദേശ മന്ത്രി പറഞ്ഞു.