ജിദ്ദ – ലെബനോനില്‍ ആശുപത്രികളും ആംബുലന്‍സുകളും മെഡിക്കല്‍ സംഘങ്ങളെയും റിലീഫ് പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് ഇസ്രായില്‍ മനഃപൂര്‍വം ആക്രമണങ്ങള്‍ നടത്തുന്നു. മെഡിക്കല്‍ ജീവനക്കാരെ ലക്ഷ്യമിട്ട് ഇസ്രായില്‍ വ്യവസ്ഥാപിതമായും നേരിട്ടും ആക്രമണം നടത്തുകയാണെന്ന് ലെബനീസ് ആരോഗ്യ മന്ത്രി ഫിറാസ് അല്‍അബ്‌യദ് പറഞ്ഞു. ഇസ്രായില്‍ ആക്രമണങ്ങളുടെ ഫലമായി ലെബനോനിലെ 13 ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 150 ലേറെ പേര്‍ കൊല്ലപ്പെട്ടു. 100 മെഡിക്കല്‍ സെന്ററുകളും 130 ആംബുലന്‍സുകളും ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തിയതായും ആരോഗ്യ മന്ത്രി പറഞ്ഞു.
ലെബനോനില്‍, വിശിഷ്യാ ലിറ്റാനി നദിയുടെ തെക്ക് ഭാഗങ്ങളില്‍ ജീവിതത്തിന്റെയും തുടര്‍ച്ചയുടെയും എല്ലാ വശങ്ങളും ഇല്ലാതാക്കാന്‍ ഇസ്രായില്‍ ലക്ഷ്യമിടുന്നു. ലിറ്റാനി നദിയുടെ തെക്ക് ഭാഗങ്ങള്‍ പാടെ തകര്‍ത്ത് തരിപ്പണമാക്കാനും ബലപ്രയോഗത്തിലൂടെ ഇവിടം ബഫര്‍ സോണാക്കി മാറ്റാനുമാണ് ഇസ്രായില്‍ പദ്ധതിയിടുന്നത്. എത്ര വിശാലമായ ബഫര്‍സോണ്‍ ആണ് സ്ഥാപിക്കുകയെന്നോ ആരാണ് ബഫര്‍സോണ്‍ നിയന്ത്രണം ഏറ്റെടുക്കുകയെന്നോ ശാശ്വതമായ അധിനിവേശമാണോ ഈ പ്രദേശത്ത് ഇസ്രായില്‍ ആസൂത്രണം ചെയ്യുന്നതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
മെഡിക്കല്‍ സംഘങ്ങള്‍, ആംബുലന്‍സുകള്‍, ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സംരക്ഷിക്കണമെന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് മിഡില്‍ ഈസ്റ്റ് റീജ്യനല്‍ ഡയറക്ടര്‍ നിക്കോളാസ് വോണ്‍ ആര്‍ക്‌സ് ആവശ്യപ്പെട്ടു. ആരോഗ്യ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതായും നിക്കോളാസ് വോണ്‍ ആര്‍ക്‌സ് പറഞ്ഞു.
ഒരു വര്‍ഷത്തിനിടെ തങ്ങളുടെ 80 ലേറെ രക്ഷാപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ലക്കു കീഴിലെ ഇസ്‌ലാമിക് ഹെല്‍ത്ത് അതോറിറ്റി പറഞ്ഞു. ഇതില്‍ 70 പേര്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെയാണ് കൊല്ലപ്പെട്ടതെന്നും അതോറിറ്റി പറഞ്ഞു. തങ്ങളുടെ 21 രക്ഷാപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി അമല്‍ മൂവ്‌മെന്റിനു കീഴിലെ അല്‍രിസാല സ്‌കൗട്ട്‌സ് അസോസിയേഷന്‍ പറഞ്ഞു. നേരത്തെ മുതല്‍ ദുര്‍ബലമായ ആരോഗ്യ മേഖല ആസൂത്രിതമായി നശിപ്പിക്കപ്പെടുകയാണെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സസ് റിസേര്‍ച്ച് ആന്റ് ആക്ഷനു കീഴിലെ ‘എല്ലാവര്‍ക്കും സാമൂഹിക സംരക്ഷണം’ എന്ന ശീര്‍ഷകത്തിലുള്ള കാമ്പയിന്‍ കോ-ഓര്‍ഡിനേറ്ററും പബ്ലിക് പോളിസി വിദഗ്ധയുമായ സുബ്ഹിയ നജ്ജാര്‍ സൂചിപ്പിക്കുന്നു. ഇതേ സാഹചര്യമാണ് ഗാസയിലും ആവര്‍ത്തിക്കുന്നത്. പരിക്കേറ്റവരെ ചികിത്സിക്കാനും ആരോഗ്യ പരിചരണങ്ങള്‍ നല്‍കാനുമുള്ള ഹിസ്ബുല്ലയുടെ ശേഷി ദുര്‍ബലമാക്കുക, ജനങ്ങള്‍ക്കിടയില്‍ ഭീതിയും അരാജകത്വവുമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മെഡിക്കല്‍ സെന്ററുകളും ആംബുലന്‍സുകളും അഗ്നിശമന കേന്ദ്രങ്ങളും മെഡിക്കല്‍ സംഘങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ഇത്തരം ആക്രമണങ്ങള്‍ റിലീഫ് പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. ആവശ്യക്കാരില്‍ മെഡിക്കല്‍, ഭക്ഷ്യ സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രായില്‍ ആക്രമണങ്ങള്‍ പ്രതിബന്ധമാവുകയാണ്. മെഡിക്കല്‍ സംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഇസ്രായിലിന്റെ ആക്രമണങ്ങള്‍ എന്നും സുബ്ഹിയ നജ്ജാര്‍ പറഞ്ഞു.
ആയുധങ്ങളും പോരാളികളെയും ഒളിപ്പിച്ചുവെക്കുന്നു എന്ന ന്യായം പറഞ്ഞാണ് മെഡിക്കല്‍ സെന്ററുകള്‍ക്കും ആംബുലന്‍സുകള്‍ക്കും നേരെ ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തുന്നത്. 1949 ലെ ജനീവ കണ്‍വെന്‍ഷനുകള്‍ പ്രകാരം മെഡിക്കല്‍ സെന്ററുകളിലും ആംബുലന്‍സുകളിലും ആയുധങ്ങളും പോരാളികളെയും ഒളിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും രോഗികളുടെയും സാധാരണക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്ന നിലക്ക് ആംബുലന്‍സുകള്‍ക്കും മെഡിക്കല്‍ സെന്ററുകള്‍ക്കും നേരെ ആയുധം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നതായി ‘ജസ്റ്റിസിയ’ മനുഷ്യാവകാശ സംഘടനാ പ്രസിഡന്റും അഭിഭാഷകനുമായ പോള്‍ മാര്‍ക്കോസ് പറഞ്ഞു.
മെഡിക്കല്‍ സംഘങ്ങളെയും റിലീഫ് പ്രവര്‍ത്തകരെയും ആശുപത്രികളും മറ്റും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഇസ്രായില്‍ നടത്തുന്ന വംശഹത്യയുടെ ഭാഗമാണെന്ന് രാഷ്ട്രീയ പ്രവര്‍ത്തക ഡോ. മുന ഫയ്യാദ് പറഞ്ഞു. പരിക്കേറ്റവര്‍ക്കുള്ള ആരോഗ്യ പരിചരണങ്ങള്‍ തടയുന്നതിലൂടെ ആക്രമണം നടത്തുന്ന സ്ഥലങ്ങളിലൊന്നും അതിജീവിതരുണ്ടാകരുതെന്ന് ഇസ്രായില്‍ ബോധപൂര്‍വം ഉദ്ദേശിക്കുന്നു. ഇത് എല്ലാ മാനുഷിക നിയമങ്ങള്‍ക്കും യുദ്ധങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും വിരുദ്ധമാണ്. മെഡിക്കല്‍ സംഘങ്ങളെയും റിലീഫ് പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക് ന്യായീകരണങ്ങളില്ല. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം പാലിക്കുന്ന സംശയാസ്പദമായ മൗനം അപലപനീയമാണെന്നും ഡോ. മുന ഫയ്യാദ് പറഞ്ഞു. ഒരു വര്‍ഷത്തിനിടെ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 2,464 ആയി ഉയര്‍ന്നിട്ടുണ്ട്. 11,530 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.