തെൽ അവിവ്: ഗാസ പിടിച്ചടക്കുന്നതിനായുള്ള സൈനിക ആക്രമണ പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രായേൽ മന്ത്രിസഭ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന യോഗത്തിലാണ് കൂടുതൽ സൈനികരെ ഗാസയിൽ വിന്യസിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയത്. ഗാസയിലേക്ക് പരിമിതമായ തോതിൽ ദുരിതാശ്വാസ സഹായം എത്തിക്കാനും തീരുമാനമായി. രണ്ടു മാസത്തിലേറെയായി തുടരുന്ന ഇസ്രായിൽ ഉപരോധത്തെ തുടർന്ന് 50-ലേറെ കുട്ടികളടക്കം എൺപതോളം പേർ വിശന്നു മരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
മന്ത്രിസഭ അംഗീകാരം പദ്ധതിയ ഗാസ അധിനിവേശ പദ്ധതി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത ആഴ്ചത്തെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിന് ശേഷം മാത്രമേ നടപ്പാക്കൂ എന്ന് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറബ് രാഷ്ട്രങ്ങളിൽ സന്ദർശനം നടത്തുന്ന ട്രംപ് ഇത്തവണ ഇസ്രായിലിലേക്ക് പോകുന്നില്ല. ട്രംപിന്റെ സന്ദർശം കഴിയുന്നതുവരെ ഹമാസുമായി വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാർ രൂപപ്പെടുത്താൻ ശ്രമങ്ങൾ നടത്താനാണ് ഇസ്രായിൽ ശ്രമം.
ഗാസയിൽ സൈനിക സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പതിനായരിക്കണക്കിന് റിസർവ് സൈനികരോട് സൈന്യത്തിൽ ചേരാൻ ഇ്സ്രായിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ അതിർത്തി പ്രദേശങ്ങളിലായിരിക്കും ഇവരെ വിന്യസിക്കുക. എന്നാൽ, മുൻ സമയങ്ങളിൽ നിന്നു വ്യത്യസ്തമായി സൈന്യത്തോടൊപ്പം ചേരാനുള്ള താൽപര്യം പൊതുജനങ്ങളിൽ കുറഞ്ഞിട്ടുണ്ടെന്ന് ജറുസലം പോസ്റ്റ് അടക്കമുള്ള ഇസ്രായിൽ മാധ്യമങ്ങൾ പറയുന്നു.
ഗാസയിലേക്കുള്ള സഹായ വിതരണം പുനരാരംഭിക്കുന്നതിനും അതിന്റെ സംവിധാനം പരിഷ്‌കരിക്കുന്നതിനുമുള്ള ഒരു പദ്ധതിയും സുരക്ഷാ മന്ത്രിസഭ അംഗീകരിച്ചു. ഹമാസിനെ പൂർണമായി ഒഴിവാക്കി സഹായം എത്തിക്കുക എന്നതാണ് പുതിയ പദ്ധതി. ദുരിതാശ്വാസ സഹായം ലഭ്യമാക്കുന്ന പദ്ധതിക്കെതിരെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമർ ബെൻ ഗ്വിർ വോട്ട് ചെയ്തു. എപ്പോൾ മുതലാവും സഹായങ്ങൾ ലഭ്യമാക്കുകയെന്നോ ഏതളവിൽ ആയിരിക്കുമെന്നോ ഉള്ള കാര്യം വ്യക്തമല്ല. ഇസ്രായിൽ പ്രതിരോധ സേന (ഐ.ഡി.എഫ്) സഹായവിതരണത്തിൽ നിന്ന് പിന്മാറുകയും പകരം, അന്താരാഷ്ട്ര സംഘടനകളും സ്വകാര്യ സുരക്ഷാ കരാറുകാരും ഗാസയിലെ കുടുംബങ്ങൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും.