ജിദ്ദ. ലെബനോനിൽ തെക്ക്, കിഴക്കന്‍ മേഖലകളിൽ ഇസ്രായില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച ശക്തമായ വ്യോമാക്രമണങ്ങളില്‍ 274 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ആംബുലന്‍സ് ജീവനക്കാരും അടക്കമുള്ളവര്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കൂട്ടത്തിലുള്ളതായി ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ലെബനോനിലെ വിവിധ ഗ്രാമങ്ങളിലും പ്രദേശങ്ങളിലുമായി 300 ഓളം വ്യോമാക്രമണങ്ങളാണ് ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയത്. ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ലെബനോനില്‍ ഇസ്രായില്‍ നടത്തുന്ന ഏറ്റവും രൂക്ഷമായ ആക്രമണങ്ങളാണ് ഇന്നത്തത്.
മുതിര്‍ന്ന ഹിസ്ബുല്ല നേതാവ് അലി അബൂറയാ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഹിസ്ബുല്ല മതനേതാക്കളായ അമീന്‍ സഅദ്, അബ്ദുല്‍ മുന്‍ഇം മുഹന്ന എന്നിവരും കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും മുതിര്‍ന്ന ഹിസ്ബുല്ല കമാണ്ടര്‍മാര്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണം ഇസ്രായിലിലെ വിവിധ കേന്ദ്രങ്ങള്‍ക്കു നേരെ ഹിസ്ബുല്ല മിസൈല്‍, ഡ്രോണ്‍ ആക്രമങ്ങള്‍ നടത്തി.
തെക്കു, കിഴക്കന്‍ ലെബനോനില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പാലായനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ദക്ഷിണ ലെബനോനില്‍ നിന്ന് ആയിരങ്ങള്‍ ജീവനും കൊണ്ട് ബെയ്‌റൂത്തിലേക്ക് പലായനം ചെയ്തു. തെക്കു, കിഴക്കന്‍ ലെബനോന്‍ നിവാസികള്‍ വീടുകള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായില്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ലെബനോനില്‍ രണ്ടു ദിവസത്തേക്ക് സ്‌കൂളുകള്‍ അടച്ചിട്ടതായി ലെബനീസ് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. വരും ദിവസങ്ങളില്‍ ലെബനോനില്‍ ആക്രമണങ്ങള്‍ തുടരുമെന്നും ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
ഹിസ്ബുല്ല പോരാളികളും പ്രവര്‍ത്തകരും ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജറുകളും വാക്കി ടോക്കികളും ഒരേസമയം സ്‌ഫോടനങ്ങളിലൂടെ തകര്‍ക്കുകയും ഹിസ്ബുല്ല കമാണ്ടര്‍മാര്‍ യോഗം ചേര്‍ന്ന കെട്ടിടത്തിനു നേരെ ആക്രമണം നടത്തുകയും ചെയ്തതോടെ ഇസ്രായില്‍, ഹിസ്ബുല്ല സംഘര്‍ഷം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. പേജര്‍, വാക്കി ടോക്കി സ്ഫാടനങ്ങളില്‍ 37 പേര്‍ കൊല്ലപ്പെടുകയും 3,500 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുല്ലക്കു കീഴിലെ എലൈറ്റ് ഫോഴ്‌സ് ആയ അല്‍റദ്‌വാന്‍ ഫോഴ്‌സ് കമാണ്ടര്‍മാര്‍ യോഗം ചേര്‍ന്ന കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 16 ഹിസ്ബുല്ല അംഗങ്ങള്‍ അടക്കം 59 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയെന്നോണം കഴിഞ്ഞ ദിവസങ്ങളിലും ഇസ്രായിലിലെ വിവിധ കേന്ദ്രങ്ങള്‍ക്കു നേരെ ഹിസ്ബുല്ല മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.