ഗാസ സിറ്റി: ഞായറാഴ്ച പുലർച്ചെ മുതൽ ഗാസയിലെ വിവിധ ഭാഗങ്ങളിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 97 പേർ കൊല്ലപ്പെട്ടു. ഗാസ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസ സിറ്റിയിലും വടക്കൻ ഗാസയിലുമായി 45 പേർ കൊല്ലപ്പെട്ടു. ‘സുരക്ഷിത മേഖല’യായി പ്രഖ്യാപിക്കപ്പെട്ട അൽ മവാസി മേഖലയിൽ 36 പേരും കൊല്ലപ്പെട്ടു. മരിച്ചവരിൽ ഭൂരിഭാഗവും സിവിലിയന്മാരാണ്.
വെടിനിർത്തൽ സംബന്ധിച്ച് ഇസ്രായിൽ ഹമാസുമായി ചർച്ച നടത്തുന്നതിനിടെയാണ് ഇസ്രായിൽ ഗാസ മുനമ്പിൽ ആക്രമണം കടുപ്പിക്കുന്നത്. ഖത്തറിലാണ് ചർച്ചകൾ നടക്കുന്നതെന്ന് ഇസ്രായിലി, അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായിലി നയതന്ത്രകാര്യ മന്ത്രി റോൺ ഡെർമർ, യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവർ ഖത്തറിലുണ്ട്.
ഗാസയിലെ ജബാലിയ, ബെയ്ത് ലഹിയ എന്നിവിടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കാനുദ്ദേശിച്ചുള്ള ആക്രമണമാണ് ഇസ്രായിൽ നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. വീടുകളും ടെന്റുകളും സ്‌കൂൾ, ആശുപത്രി കെട്ടിടടങ്ങളുമെല്ലാം ആക്രമിക്കുകയാണ്. ഗാസയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കഴിഞ്ഞയാഴ്ച നടന്ന ഇസ്രായിൽ രഹസ്യ കാബിനറ്റ് യോഗത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനു ശേഷം ഇസ്രായിൽ ഗാസയിൽ മാത്രം 53,272 പേരെ കൊലപ്പെടുത്തുകയും 120,673 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. അതേസമയം, മരണം 61,700-ലേറെയാണെന്ന് ഗവൺമെന്റ് മീഡിയ ഓഫീസ് പറയുന്നു. ഇസ്രായിൽ നടത്തുന്ന ബോംബാക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആയിരങ്ങൾ കുടുങ്ങിയിട്ടുണ്ടെന്നും ഇവരിൽ മിക്കവരും മരിച്ചതായാണ് കണക്കാക്കുന്നതെന്നും അധികൃതർ പറയുന്നു.