ഗാസക്ക് മേൽ ആക്രമണം കനപ്പിച്ച് ഇസ്രായേൽ. ഗാസ സിറ്റിയിലും ജബലിയ അഭയാർത്ഥി ക്യാമ്പിന്റെ സമീപ പ്രദേശങ്ങളിലുമാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം വടക്കൻ ഗാസയിൽ ഇസ്രായേൽ കുടിയൊഴിപ്പിക്കൽ ഉത്തരവുകൾ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ച വരെ കനത്ത ബോംബാക്രമണം നടത്തിയതായി ഫലസ്തീനികൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ ആക്രമണങ്ങൾ ആളൊഴിഞ്ഞ കെട്ടിടങ്ങളേയും, സാധാരണ പൗരരുടെ താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
“എന്താണോ ബാക്കിയുള്ളത്, അത് അവർ നശിപ്പിച്ചു കളഞ്ഞു… ബോംബുകളുടെ ശബ്ദം ഇതുവരെ നിന്നിട്ടില്ല.” വീട് തകർക്കപ്പെട്ട മുഹമ്മദ് മഹ്ദി പറയുന്നു. ഗാസയിലെയും ജബലിയ അഭയാർത്ഥി ക്യാമ്പിന്റെയും അടുത്തേക്ക് എത്തിചേരാൻ കഴിയാത്ത അവസ്തയാണെന്നും, കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരുടെ സഹായം ആവശ്യപ്പെട്ടുള്ള ഫോൺ കോളുകൾക്ക് ഉത്തരം നൽകാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും, അടിയന്തര, ആംബുലൻസ് സേവനങ്ങളുടെ ചുമതലയുള്ള അവാദ് പറയുന്നു.
നിലവിൽ ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 56,000 കടന്നു. ഇതിൽ സായുധരും സാധാരണക്കാരും ഉൾപ്പെടും. കൊല്ലപ്പെട്ടതിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.