സന്‍ആ – സന്‍ആ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ ദേശീയ വിമാന കമ്പനിയായ യെമനിയക്കു കീഴിലെ മൂന്നു വിമാനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. സന്‍ആ എയര്‍പോര്‍ട്ട് പാടെ തകര്‍ത്തതായും വിമാനത്താവളത്തിലെ മുഴുവന്‍ വിമാനങ്ങളും നശിപ്പിച്ചതായും ഇസ്രായില്‍ അറിയിച്ചിരുന്നു. ഇസ്രായില്‍ ആക്രമണത്തെ തുടര്‍ന്ന് സന്‍ആ വിമാനത്താവളത്തില്‍ തീ ആളിപ്പടര്‍ന്ന വിമാനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സന്‍ആ അന്താരാഷ്ട്ര വിമാനത്താവള പ്രദേശത്തുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ്, എയര്‍പോര്‍ട്ടില്‍ ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്. യെമനിലെ ഹൂത്തി ലക്ഷ്യങ്ങള്‍ക്കു നേരെ ഇസ്രായില്‍ വ്യോമസേന ആക്രമണം നടത്തുന്നതായി ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ അറിയിച്ചിരുന്നു. സന്‍ആയിലെ സെന്‍ട്രല്‍ വിമാനത്താവളത്തിലെ ഹൂത്തി ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ സൈന്യം നശിപ്പിച്ചതായും എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെടുത്തിയതായും ഇസ്രായില്‍ സൈനിക വക്താവ് പറഞ്ഞു. സന്‍ആ വിമാനത്താവളവും അല്‍ഹുദൈദ തുറമുഖവും ഹൂത്തികള്‍ ആയുധങ്ങളും തീവ്രവാദികളെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നുണ്ടെന്നും വിമാനത്താവളം ഭീകര ആവശ്യങ്ങള്‍ക്കായി തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും അവിചായ് അഡ്രഇ പ്രസ്താവനയില്‍ ആരോപിച്ചു.
ഹൂത്തി ഭരണകൂടം ഉപയോഗിക്കുന്ന സന്‍ആ പ്രദേശത്തെ നിരവധി കേന്ദ്ര വൈദ്യുതി നിലയങ്ങള്‍ സൈന്യം ആക്രമിച്ചു. സന്‍ആക്ക് വടക്കുള്ള അല്‍ഉംറാന്‍ സിമന്റ് ഫാക്ടറിയും ആക്രമിച്ചു. ഹൂത്തികളുടെ തുരങ്കങ്ങളുടെയും സൈനിക അടിസ്ഥാന സൗകര്യങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് ഈ സിമന്റ് ഫാക്ടറി. ഫാക്ടറി ലക്ഷ്യം വെച്ചുള്ള ആക്രമണം ഹൂത്തി ഭരണകൂടത്തിന്റെ സമ്പദ്വ്യവസ്ഥക്കും സൈനിക ആയുധ ശേഷികള്‍ക്കുമുള്ള പ്രഹരമാണ് – ഇസ്രായില്‍ സൈനിക വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
ഞായറാഴ്ച ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ ഹൂത്തികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് ഇസ്രായില്‍ യെമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ ശക്തമായ വ്യോമാക്രമണം നടത്തുന്നത്. സന്‍ആ വിമാനത്താവളത്തെ ആക്രമിക്കാന്‍ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ വരുന്നുണ്ടെന്ന് ഇസ്രായില്‍ സൈന്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
അതേസയമം, അഴിമതിക്കേസിലെ തന്റെ വിചാരണ സെഷന്‍ ഉപേക്ഷിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹു സൈനിക ആസ്ഥാനത്തേക്ക് പോയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം അല്‍ഹുദൈദയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചു. അല്‍ഹുദൈദ ഗവര്‍ണറേറ്റിലെ ബാജിലില്‍ സിമന്റ് ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേ ഗവര്‍ണറേറ്റിലെ പ്രധാന തുറമുഖത്ത് നടന്ന വ്യോമാക്രമണത്തില്‍ മറ്റൊരാള്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായിലും അമേരിക്കയും സംയുക്തമായാണ് തിങ്കളാഴ്ച യെമനില്‍ ആക്രമണങ്ങള്‍ നടത്തിയതെന്ന് ഹൂത്തികള്‍ പറഞ്ഞു.
ഈ ആക്രമണങ്ങള്‍ നടത്തിയത് തങ്ങളാണെന്ന് ഇസ്രായില്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ അമേരിക്ക പങ്കാളിത്തം വഹിച്ചിട്ടില്ലെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു. പടിഞ്ഞാറന്‍ യെമനിലെ അല്‍ഹുദൈദയില്‍ ഹൂത്തി അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം അറിയിച്ചു. 2024 ജൂലൈക്കു ശേഷം ഇത് അഞ്ചാം തവണയാണ് ഇസ്രായില്‍ യെമനില്‍ ബോംബാക്രമണം നടത്തുന്നത്.
അധിനിവിഷ്ട ജാഫയിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിനു നേരെ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് വിജയകരമായി ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്ത് ഒരു ദിവസത്തിന് ശേഷമാണ് തിങ്കളാഴ്ച യെമനില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ ആക്രമണം നടത്തിയത്. യെമനില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്നും അത് തടയാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും പ്രധാന അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് പതിച്ചതായും ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചു. 2023 ഒക്‌ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രായിലില്‍ ഹമാസ് നടത്തിയ അഭൂതപൂര്‍വമായ ആക്രമണത്തെ തുടര്‍ന്ന് ഗാസില്‍ ഇസ്രായിലും ഹമാസും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ യെമനിലെ ഹൂത്തികള്‍ ഇസ്രായിലിനു നേരെ മിസൈലുകളും ഡ്രോണുകളും പതിവായി വിക്ഷേപിച്ചുവരികയാണ്.
ഗാസയിലെ ഫലസ്തീനികള്‍ക്കുള്ള പിന്തുണയെന്നോണം യെമനില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും വാണിജ്യ കപ്പലുകള്‍ക്ക് നേരെയും ഹൂത്തികള്‍ ആക്രമണം അഴിച്ചുവിടുന്നു. ഈ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി, അമേരിക്ക യെമനിലെ ഹൂത്തി സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.
ക്യാപ്.
ഇസ്രായില്‍ ആക്രമണത്തെ തുടര്‍ന്ന് സന്‍ആ വിമാനത്താവളത്തില്‍ വിമാനങ്ങളില്‍ തീ ആളിപ്പടര്‍ന്നപ്പോള്‍.