ജിദ്ദ – പശ്ചിമ യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ഹുദൈദയില്‍ തുറമുഖത്തിനും വൈദ്യുതി നിലയത്തിനും നേരെ ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. ഹുദൈദയിലെ റാസ് ഈസ തുറമുഖത്തെ എണ്ണ സംഭരണികള്‍ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. ഇസ്രായിലില്‍ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയെന്നോണമാണ് അല്‍ഹുദൈദയില്‍ ഇസ്രായില്‍ ആക്രമണം നടത്തിയത്.
യെമനിലെ ആക്രമണം ഇറാനുള്ള സന്ദേശമാണെന്നും ഇറാനിലെവിടെയും ആക്രമണം നടത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന സന്ദേശമാണ് ഇതിലൂടെ ഇറാന് നല്‍കുന്നതെന്നും ഇസ്രായില്‍ പറഞ്ഞു. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ രക്തം പാഴായിപ്പോകില്ലെന്ന് ഹൂത്തി നേതാവ് ശനിയാഴ്ച പറഞ്ഞിരുന്നു. ഹൂത്തികളുടെ ദിവസം വരാനിരിക്കുന്നതായി ഇതിന് മറുപടിയായി ഇസ്രായിലി സൈന്യവും പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പും അല്‍ഹുദൈദ തുറമുഖത്തിനു നേരെ ഇസ്രായില്‍ ആക്രമണം നടത്തിയിരുന്നു.